പഴമയുടെ തനിമയിൽ സൂഖ് അൽ അർസ
text_fieldsഷാർജയുടെ ഖാലിദ് തുറമുഖവും അതിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളും ചരിത്രത്തിെൻറ കാലടിപ്പാടുകൾ ഏറെ പതിഞ്ഞ മണ്ണാണ്. വർത്തമാന കാലത്തെന്ന പോലെ ഭൂതകാലത്തും സമ്പന്നമായിരുന്നു ഈ മേഖല. പഴമയുടെ അടയാളങ്ങൾ കേവലം ചരിത്രത്തിന് വിട്ടുകൊടുക്കാതെ, പ്രാണനെ പോലെ സംരക്ഷിച്ച് വെച്ചിട്ടുണ്ട് ഷാർജ ഈ മനോഹര തീരത്ത്. ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ് സൂഖ് അൽ അർസ.
അതായത് ഗൾഫ് മേഖലയിലെ ഏറ്റവും പുരാതന ഷോപ്പിങ് മാൾ, ഇന്നത്തെ മാളുകളുടെ തറവാട് എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യയിൽ നിന്നുള്ള മരത്തിൽ നിർമിച്ച നാല് ഗോപുരവാതിലുകളുള്ള ഈ കച്ചവട കേന്ദ്രത്തിൽ എത്തിയാൽ മനസിൽ പഴയൊരു തംബുരു ഉണരാൻ തുടങ്ങും. പരമ്പരാഗത ഷാർജ അങ്ങാടിയുടെ ചന്തം മനസിനെ കാവ്യാത്മകമാക്കും. അർസയുടെ ചുവരുകളിലാണ് ഷാർജയുടെ ആദ്യ വർത്തമാന പത്രമായ 'സൗതുൽ സഫീർ' ഒട്ടിച്ചുവെച്ചിരുന്നത്.
ഇബ്രാഹിം അൽ മിദ്ഫയായിരുന്നു പത്രാധിപർ. 'മുറ്റം ബസാർ' എന്നറിയപ്പെടുന്ന ഷാർജയിലെ ഏറ്റവും പഴയ വിപണിയാണിത്. ഇതിെൻറ ഇടവഴിയിലൂടെ നടക്കുമ്പോൾ നിങ്ങളുടെ മനസിൽ പഴയകാല വീഥികളുടെ ചന്തവും ചന്തയുടെ അഴകും തെളിഞ്ഞുവരും. മനോഹരമായ പുരാവസ്തുക്കൾ, പഴയകാല പാത്രങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഈത്തപ്പഴ കൊട്ടകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങി ഈ പുരാതന മാളിൽ ഇല്ലാത്തതായി ഒന്നുമില്ല.
കട്ടിയുള്ള തടി വാതിലുകളും മനോഹരമായ ഇഷ്ടിക ചുവരുകളും യു.എ.ഇ സംസ്കാരത്തെ പ്രതീകപ്പെടുത്തുന്ന തൂക്കുവിളക്കുകളും ഇവിടെയുണ്ട്. അറേബ്യൻ ഊദിെൻറ സുഗന്ധത്തിലാറാടിയല്ലാതെ അർസ ഉണരാറില്ല, ഉറങ്ങാറുമില്ല. ഈന്തപ്പനയുടെ തടിയിൽ നിർമിച്ച മച്ചുകളാണ് ഈ കെട്ടിടത്തിെൻറ അഴക്. അർസയിൽ നിരവധി കടകളുണ്ട്. മരവാതിലുകളും നിരപ്പലകകളും ഓടമ്പലുകളുമുള്ള ഈ പൗരാണിക മാളിൽ ഒരുതവണയെങ്കിലും നിങ്ങൾ എത്തണം.
തനി നാടൻ ചായമുതൽ, ബദുവിയൻ കഹ്വ വരെ ഇവിടെ കിട്ടും. പേർഷ്യ, ഇന്ത്യ, ബദൂവിയൻ ഗോത്രങ്ങളിൽ നിന്നുള്ള വ്യാപാരികളുടെ ഒരു കച്ചവട സ്ഥലമായിരുന്നു സൂഖ് അൽ അർസയും പരിസര പ്രദേശങ്ങളും. കടൽ മാർഗം എത്തിച്ചേരാൻ സാധിക്കുന്ന ഷാർജയിലെ ഏറ്റവും സുരക്ഷിതമായ തീരപ്രദേശമായതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കച്ചവടക്കാർ ഇവിടെ എത്തി. മാസങ്ങളോളം താമസിച്ചാണ് ഇവർ മടങ്ങിയിരുന്നത്. നാട്ടിൽ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്കായി സൂഖ് അർസയിൽ നിന്ന് സമ്മാനങ്ങൾ വാങ്ങിയായിരുന്നു മടക്ക യാത്ര. കാലം കുതിച്ചോടുമ്പോഴും അർസക്ക് യാതൊരുവിധ കുലുക്കവുമില്ല. നാലുകൂറ്റൻ വാതിലുകളും ചരിത്രവും കാവൽ നിൽക്കുന്ന മാളിെൻറ മുറ്റം നിറയെ മിന്നി തിളങ്ങുന്നുണ്ട് പൗരാണികതയുടെ സ്നേഹവും സഹിഷ്ണുതയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.