താമസിക്കാന്‍ 'ദ സോഴ്‌സ്'
text_fieldsഅനുദിനം വികസനക്കുതിപ്പ് നടത്തിവരുന്ന അബൂദബിയില്‍ താമസിക്കാന്‍ ഏറെ സവിശേഷതകളോടെ മറ്റൊരു പദ്ധതി കൂടി വരുന്നു. സാമുഹിക, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുന്ന രീതിയില്‍ കാര്‍ബണ്‍ മാലിന്യവും ജല ഉപയോഗവും കുറച്ചുള്ള നിര്‍മിതിയാണിത്. ഒപ്പം ശാരീരിക, മാനസിക ക്ഷേമങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയിലുമാവും ഈ താമസം പൂര്‍ത്തിയാവുക. സഅദിയാത്ത് കണ്ടല്‍ക്കാടിലാണ് പുത്തന്‍ജീവിതാനുഭവം പകരുന്നതിന് എല്ലാവിധ സൗകര്യങ്ങളുമുള്ള അപ്പാര്‍ട്ടുമെന്‍റുകള്‍ നിര്‍മിക്കാന്‍ അല്‍ദാര്‍ പ്രോപര്‍ട്ടീസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ‘ദ സോഴ്‌സ്’ എന്നാണ് പദ്ധതിയുടെ പേര്. യു.എ.ഇയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണ് സോഴ്‌സ്.
യോഗ, ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, ഔട്ട്‌ഡോര്‍, ഇന്‍ഡോര്‍ കളിയിടങ്ങള്‍, സ്‌ക്വാഷ് കോര്‍ട്ടുകള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളോടെയാണ് അപാര്‍ട്ട്‌മെന്‍റുകളുടെയും അനുബന്ധസൗകര്യങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുക. 204 അപാര്‍ട്ട്‌മെന്‍റുകളാണ് സോഴ്‌സിലുള്ളത്. സായിദ് ദേശീയ മ്യൂസിയം, സഅദിയാത്ത് കണ്ടല്‍ക്കാട് എന്നിവയുടെ മനോഹരദൃശ്യം അപാര്‍ട്ട്‌മെന്‍റുകളില്‍ നിന്ന് സാധ്യമാണ്. കിലോമീറ്ററുകള്‍ നീളുന്ന നടപ്പാതകളും ഓടുന്നതിനും സൈക്കിളോടിക്കുന്നതിനുമുള്ള ട്രാക്കുകളും ബീച്ചുമൊക്കെ ദ സോഴ്‌സ് പദ്ധതിക്കു സമീപമുണ്ടാവും.
1 ബെഡ് റൂം, 2 ബെഡ് റൂം, 2 ബെഡ് റൂം + വീട്ടുജോലിക്കാരിക്കുള്ള റൂം, 3 ബെഡ് റൂം അപാര്‍ട്ട്‌മെന്‍റുകളാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച അപാര്‍ട്ട്‌മെന്‍റുകള്‍ക്കായുള്ള ആവശ്യക്കാരുടെ എണ്ണം ഏറിയതു കണക്കിലെടുത്താണ് ഇത്തരമൊരു പ്രൊജക്ടിനു തങ്ങള്‍ തുടക്കംകുറിച്ചതെന്നാണ് അല്‍ദാര്‍ ഡവലപ്‌മെന്‍റ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ റാഷിദ് അല്‍ ഒമൈറയുടെ വിശദീകരണം. 2024 നാലാം പാദത്തില്‍ നിര്‍മാണം തുടങ്ങി 2026 മൂന്നാം പാദത്തില്‍ നിര്‍മിതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറുകയും ചെയ്യും. യാസ് ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍ഡ്, അല്‍ റാഹ, റീം ഐലന്‍ഡ് തുടങ്ങിയ അബൂദബിയിലെ പ്രധാന ആകര്‍ഷണങ്ങളുടെ നിര്‍മിതികളുടെ പിന്നിലും അല്‍ദാര്‍ ആണെന്നതിനാല്‍ ദ സോഴ്‌സ് പദ്ധതി വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ അബൂദബിയുടെ സവിശേഷതകളിലൊന്നായി സോഴ്‌സ് മാറുക തന്നെ ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.