ഗുപ്ത സഹോദരങ്ങളെ കൈമാറണമെന്ന് യു.എ.ഇയോട് ദക്ഷിണാഫ്രിക്ക
text_fieldsദുബൈ: ദുബൈ പൊലീസ് പിടികൂടിയ ഇന്ത്യൻ വംശജരായ കുപ്രസിദ്ധ ഗുപ്ത സഹോദരങ്ങളെ കൈമാറണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ കള്ളപ്പണ ഇടപാട് അടക്കം ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഇരുവരും കഴിഞ്ഞമാസമാണ് പിടിയിലായത്. രാജേഷ് ഗുപ്തയെയും അതുൽ ഗുപ്തയെയും കൈമാറാൻ യു.എ.ഇ അധികൃതരോട് ഔദ്യോഗികമായി അഭ്യർഥിച്ചതായി ദക്ഷിണാഫ്രിക്കൻ നീതിന്യായ വകുപ്പ് മന്ത്രിയാണ് അറിയിച്ചത്. കുറ്റവാളികളെ കൈമാറുന്ന നിയമപ്രകാരം ഇവരെ കൈമാറുന്ന കാര്യത്തിൽ യു.എ.ഇയിലെയും ദക്ഷിണ ആഫ്രിക്കയിലെയും എൻഫോഴ്സ്മെന്‍റ് ഏജൻസികൾ തമ്മിൽ ചർച്ച നടന്നുവരുകയായിരുന്നു.
ഇരുവർക്കുമെതിരെ ഇന്‍റർപോർ നേരത്തേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 1993ൽ ഇന്ത്യയിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയതാണ് ഗുപ്ത കുടുംബം. പിന്നീട് ഖനനം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, മാധ്യമ മേഖല എന്നിവയിൽ വിപുലമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ജേക്കബ് സുമയടക്കം പ്രമുഖരുമായി അടുത്ത ബന്ധം ഇവർക്കുണ്ടായിരുന്നു. രാജ്യത്തെ വൻ ബിസിനസുകാരെന്ന നിലയിൽ ദക്ഷിണാഫ്രിക്കൻ പൗരത്വവും ലഭിച്ചു. 2018ൽ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് കോടികൾ തട്ടിയെടുത്ത് ഗുപ്ത കുടുംബം കടന്നുകളഞ്ഞു എന്നാണ് ആരോപിക്കപ്പെടുന്ന കുറ്റം. സാമ്പത്തിക തിരിമറി പുറത്തുവന്നതോടെ ജേക്കബ് സുമക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതിനെതുടർന്ന് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും പുറത്തായിരുന്നു. ഇന്ത്യയിലും കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇവർ നേരിടുന്നുണ്ട്. ഡൽഹിയിലെ കമ്പനിയുടെ ഓഫിസ് ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ 2018ൽ കേസിനെ തുടർന്ന് റെയ്ഡ് നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.