പ്രവാസികൾക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് എൻ.ആർ.ഐ സാഗ
text_fieldsദുബൈ: ശമ്പളക്കാരായ പ്രവാസികൾക്ക് പുതിയ എൻ.ആർ.ഐ അക്കൗണ്ട് പ്രഖ്യാപിച്ച് കേരളത്തിലെ പ്രമുഖ വാണിജ്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ‘എൻ.ആർ.ഐ സാഗ’ എന്ന് പേരിട്ട അക്കൗണ്ടിലൂടെ പ്രവാസികൾക്ക് സീറോ ബാലൻസിൽ വിവിധ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ ദുബൈയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗൾഫ് മേഖലയിൽ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനിച്ചതായും സൗത്ത് ഇന്ത്യൻ ബാങ്ക് മേധാവികൾ അറിയിച്ചു. പ്രവാസികൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ‘എൻ.ആർ.ഐ സാഗ’ എന്ന അക്കൗണ്ട് പ്രഖ്യാപിച്ചത്.
സീറോ ബാലൻസിൽ തടസ്സം കൂടാതെ ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിനു പുറമെ തെരഞ്ഞെടുത്ത ഡെബിറ്റ് കാർഡുടമകൾക്ക് എയർപോർട്ട് ലോഞ്ച് സൗകര്യവും ഭവന -വാഹന വായ്പ നടപടിക്രമങ്ങളിൽ 25 ശതമാനം ഇളവും നൽകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
നാട്ടിലേക്ക് പണം അയക്കാൻ അല്‍ ബദര്‍ എക്സ്ചേഞ്ച്, അല്‍ റസൂക്കി എക്സ്ചേഞ്ച്, സലിം എക്സ്ചേഞ്ച്, അല്‍ ഡെനിബ എക്സ്ചേഞ്ച്, ഫസ്റ്റ് എക്സ്ചേഞ്ച് ഒമാന്‍, ഹൊറൈസണ്‍ എക്സ്ചേഞ്ച് തുടങ്ങിയ എക്സ്ചേഞ്ചുകളുമായും മണി ട്രാന്‍സ്ഫര്‍ ഓപറേറ്റര്‍മാരുമായും സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണപത്രം ഒപ്പുവെച്ചു.
ജി.സി.സി മേഖലയിൽ 35ന് മുകളിൽ എക്സ്ചേഞ്ചുകളുമായും സൗത്ത് ഇന്ത്യൻ ബാങ്ക് സഹകരിക്കുന്നുണ്ട്. എസ്.ഐ.ബി മിറര്‍ പ്ലസ് ബാങ്കിങ് ആപ്പിന്റെ സേവനം ഒമ്പത് വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. ബാങ്കിങ്ങിന്റെ വിവിധ മേഖലകളിൽ വൻ മുന്നേറ്റം കൈവരിക്കാൻ സൗത്ത് ഇന്ത്യ ബാങ്കിന് സാധിച്ചതായും ബാങ്ക് അധികൃതർ പറഞ്ഞു.
ഓപറേഷൻസ് സി.ജി.എം ആന്റോ ജോർജ്, ചീഫ് ഇൻഫർമേഷൻ ഓഫിസർ സോണി എ, ഹെഡ് ബ്രാഞ്ച് ബാങ്കിങ് എസ്.ജി.എം എസ്.എസ് ബിജി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.