മകരജ്യോതി, പൊങ്കൽ; ദക്ഷിണേന്ത്യൻ ഉത്സവങ്ങളൊരുക്കി അബൂദബി
text_fieldsഅബൂദബി: സഹിഷ്ണുതയുടെ നാട്ടിൽ മകരജ്യോതി മഹോത്സവവും അയ്യപ്പ പൂജയും പൊങ്കലും കൊണ്ടാടി മലയാളി, തമിഴ് സമൂഹം. അബൂദബിയിൽ നടന്ന രണ്ട് ആഘോഷങ്ങളിലുമായി പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ബാപ്സ് ഹിന്ദു മന്ദിര്‍ അങ്കണത്തിലായിരുന്നു മകരജ്യോതി മഹോത്സവവും അയ്യപ്പ പൂജയും നടന്നത്. അബൂദബി ആധ്യാത്മിക സമിതിയുടെ നേതൃത്വത്തില്‍ ആദ്യമായാണ് അബൂദബിയില്‍ മകരജ്യോതി മഹോത്സവം സംഘടിപ്പിച്ചത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.
അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, തൃക്കൊടിയേറ്റം, ഉഷപൂജ, സോപാന സംഗീതം, സര്‍വൈശ്വര്യ പൂജ, ഭജന, മഹാ പ്രസാദം, അന്നപൂജ, പേട്ടതുള്ളല്‍, ശാംസ്താംപാട്ട്, പഞ്ചാരിമേളം, പടിപൂജ, ദീപാരാധന, കൊടിയിറക്കം, ഹരിവരാസനം എന്നിവയോടെ നടയടച്ച് ആഘോഷത്തിനു വിരാമമായി. അബൂദബി ഖലീഫ പാർക്കിലായിരുന്നു പൊങ്കൽ ഉത്സവം നടന്നത്. 2000ത്തോളം തമിഴ്നാട് സ്വദേശികൾ പങ്കെടുത്തു. പരമ്പരാഗത ഗാനങ്ങളും നൃത്തങ്ങളും ആഘോഷത്തിന് കൊഴുപ്പേകി. അമാൽഗമേഷൻ ഓഫ് തമിഴ് അസോസിയേഷനാണ് പൊങ്കൽ ഉത്സവം സംഘടിപ്പിച്ചത്. രാവിലെ എട്ടിന് തുടങ്ങിയ ആഘോഷത്തിന്റെ ഭാഗമായി അടുപ്പുകൂട്ടി ചട്ടിയിൽ പൊങ്കൽ വിഭവം തയാറാക്കി. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് തമിഴ്നാട്ടുകാർ എത്തിയത്. വേദിയിൽ വിവിധ കലാപരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.