ലൂണാർ ഗേറ്റ്വേ സ്റ്റേഷൻ മാതൃകയുമായി ബഹിരാകാശ കേന്ദ്രം
text_fieldsദുബൈ: ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി സ്ഥാപിക്കുന്ന ലൂണാർ ഗേറ്റ്വേ സ്റ്റേഷന്റെ മാതൃക ലോക സർക്കാർ ഉച്ചകോടി വേദിയിൽ പ്രദർശിപ്പിച്ച് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം. യു.എസ്.എ, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവക്കൊപ്പം യു.എ.ഇയും ഭാഗമാകുന്ന പദ്ധതിയിൽ ലൂണാർ ഗേറ്റ്വേയുടെ എയർലോക്കാണ് യു.എ.ഇ വികസിപ്പിക്കുന്നത്. 10 ടൺ ഭാരമുള്ള എയർലോക്ക് നിർമിക്കുന്നതിന് മുന്നോടിയായുള്ള ചർച്ചകളും പൂർത്തിയായിട്ടുണ്ട്. ചരിത്രപരമായ പ്രാധാന്യമുള്ള ദൗത്യമെന്ന നിലയിലാണ് ലോകരാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ ഇതിന്റെ മാതൃക പ്രദർശിപ്പിച്ചിട്ടുള്ളത്.
മനുഷ്യനെ ചന്ദ്രനിലയക്കുന്ന നാസയുടെ ആർടെമിസ് പദ്ധതിയിൽ യു.എ.ഇ കൈകോർക്കുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. ആർടെമിസ് പദ്ധതിയുടെ ഭാഗമായാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്റ്റേഷൻ നിർമിക്കാൻ ‘നാസ’ തീരുമാനിച്ചത്. സ്റ്റേഷനുവേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിന് യു.എ.ഇ മുമ്പുതന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ‘നാസ’യുമായി കരാറായതോടെ രാജ്യത്തെ ബഹിരാകാശ സഞ്ചാരികൾക്ക് ചന്ദ്രനിലേക്ക് പോകുന്നതിന് വഴിതുറന്നുകഴിഞ്ഞു. ഇതിന്റെ ഭാഗമാകാൻ യു.എ.ഇക്ക് സാധിച്ചാൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന ദൗത്യത്തിലും പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.