ബഹിരാകാശ യാത്ര; അന്തിമ പരിശീലനം പൂർത്തിയാക്കി സുൽത്താൻ അൽ നിയാദി
text_fieldsദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘദിവസം ചെലവഴിക്കുന്ന ആദ്യ അറബ് പൗരനാകാനൊരുങ്ങുന്ന യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി അന്തിമ പരിശീലനം പൂർത്തിയാക്കി. സഹയാത്രികർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിയാദിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം അവസാനമാണ് നിയാദി ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. ഫെബ്രുവരി 19നാണ് യാത്രക്ക് പദ്ധതിയിട്ടിരുന്നതെങ്കിലും റഷ്യയുടെ സോയൂസ് പേടകത്തിന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് പുതിയ പേടകം ബഹിരാകാശത്തേക്ക് അയക്കുന്നതിനാൽ നിയാദിയുടെ യാത്ര വൈകുകയായിരുന്നു.
യു.എസിലെ സ്പേസ് എക്സിലായിരുന്നു നിയാദിയുടെയും സംഘത്തിന്റെയും പരിശീലനം. ഏകദേശം 4000ത്തോളം ഇമാറാത്തികളിൽ നിന്നാണ് നിയാദിയെ ബഹിരാകാശ യാത്രക്ക് തിരഞ്ഞെടുത്തത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിക്കാനാണ് പദ്ധതി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സ് ക്രൂ- 6 പേടകത്തിലാണ് നിയാദിയുടെയും സംഘത്തിന്റെയും കുതിപ്പ്. ദൗത്യം പൂർത്തീകരിക്കുന്നതോടെ ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമായും യു.എ.ഇ മാറും. യു.എ.ഇയിൽ നിന്നും ബഹിരാകാശ ദൗത്യത്തിനായി ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി.
2019 സെപ്റ്റംബറിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യു.എ.ഇയുടെ ആദ്യ ദൗത്യം. ഇതിനായി യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്കൊപ്പം സുൽത്താൻ അൽ നിയാദിയെയും തിരഞ്ഞെടുത്തിരുന്നു. ഫെബ്രുവരി 19നാണ് നിയാദിയുടെ യാത്രക്ക് പദ്ധതിയിട്ടിരുന്നത്. സോയൂസ് പേടകത്തിന്റെ രക്ഷാപ്രവർത്തനമാണ് യാത്ര വൈകാൻ കാരണം. സോയൂസ് പേടകത്തിലെ ശീതീകരണ സംവിധാനത്തിലുണ്ടായ ചോർച്ചയാണ് താപനില 30 ഡിഗ്രി സെൽഷ്യസായി ഉയരാൻ കാരണം. യാത്രക്കാർ സുരക്ഷിതരാണെങ്കിലും സോയൂസ് എം.എസ് 23 എന്ന പേടകം അയച്ച് ഇവരെ തിരിച്ചെത്തിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.