ബഹിരാകാശ വാര സമാപനം : ഫിർദൗസ് ഓർക്കസ്ട്ര അരങ്ങേറ്റം ഇന്ന്
text_fieldsദുബൈ: എക്സ്പോ 2020 ദുബൈയിലെ ശ്രദ്ധേയ സംഗീത പരിപാടിയായ ഫിർദൗസ് ഓർക്കസ്ട്രയുടെ പ്രകടനം ശനിയാഴ്ച ജൂബിലി പാർക്കിലെ വേദിയിൽ അരങ്ങേറും. ഒരാഴ്ചയായി നടന്നുവരുന്ന ബഹിരാകാശ വാരാചരണത്തിെൻറ സമാപനമെന്ന നിലയിലായിരിക്കും ഗ്രാമി അവാർഡ് ജേതാവായ എ.ആർ. റഹ്മാൻ നേതൃത്വം നൽകുന്ന കലാപ്രകടനം അവതരിപ്പിക്കുക. ബഹിരാകാശം പ്രമേയമാകുന്ന ഓർക്കസ്ട്ര പാശ്ചാത്യ ശാസ്ത്രീയ സംഗീതവും റഹ്മാെൻറ ഒറിജിനൽ കോമ്പോസിഷനും ഉൾപ്പെടുന്നതാണ്. രാത്രി ഏഴിനാണ് പരിപാടി ആരംഭിക്കുക.
യാസ്മിന സബ്ബാഹ് നേതൃത്വം നൽകുന്ന ഓർക്കസ്ട്ര സംഘത്തിൽ അറബ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50 വനിതകളാണ് അണിനിരക്കുന്നത്.
ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ബഹിരാകാശ സ്വപ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ തീമിലുള്ള അവതരണങ്ങളാണുണ്ടാവുക. അറിയാത്ത ലോകത്തെക്കുറിച്ച് അറിയാനുള്ള കൗതുകം ജീവിതത്തിെൻറ ഭാഗമാണെന്നും ബഹിരാകാശ ദൗത്യങ്ങളിലൂടെ നമ്മൾ നമ്മെ തന്നെയാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്നും എ.ആർ. റഹ്മാൻ പറഞ്ഞു. ഒക്ടോബർ 17 മുതൽ ആരംഭിച്ച എക്സ്പോയിലെ ബഹിരാകാശ വാരത്തിൽ ബഹിരാകാശ യാത്രികർ, വിദഗ്ധർ, ഗവേഷകർ എന്നിവർ വിവിധ ദിവസങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തിരുന്നു. ബഹിരാകാശ ഗവേഷണത്തിലെയും യാത്രകളിലെയും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ വിവിധ രാജ്യങ്ങൾ പ്രദർശിപ്പിക്കുകയും നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടികൾ ഒരുക്കുകയുമുണ്ടായി.
കൂടുതൽ പേർക്ക് ഇരിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ പരിപാടി വീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ വേദിയിലെത്തേണ്ടിവരും. ആദ്യമെത്തുന്നവർ എന്ന ക്രമത്തിലാണ് വേദിയിലേക്ക് പ്രവേശനമനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.