ഓർമ കേരളോത്സവത്തിൽ സ്പീക്കർ മുഖ്യാതിഥി
text_fieldsദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന ‘ഓർമ കേരളോത്സവം-2023’ന്റെ രണ്ടാം ദിനത്തിൽ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയാകും. മൂന്നിന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സ്പീക്കർക്കൊപ്പം യു.എ.ഇ സർക്കാർ പ്രതിനിധി, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി എന്നിവരെ കൂടാതെ സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളിലായി ചുമതലയുള്ള പ്രവാസി പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് യുവഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, അനന്തു ഗോപി തുടങ്ങിയവർ നേതൃത്വം നൽകുന്ന സംഗീത സദസ്സും ഒരുക്കിയിട്ടുണ്ട്.
ഖിസൈസിലെ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. ആദ്യദിനം സിനിമ താരം റിമ കല്ലിങ്കൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത ഗായിക പ്രസീത ചാലക്കുടിയും സംഘവും സംഗീത നിശയൊരുക്കും. 70ൽപരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി-പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങളും അണിനിരക്കും. തെരുവ് നാടകങ്ങൾ, കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന, മാർഗംകളി തുടങ്ങിയ നൃത്ത-കലാരൂപങ്ങൾ, സംഗീത ശിൽപം എന്നിവക്കൊപ്പം നാടൻ ഭക്ഷണശാലകൾ, തട്ടുകടകൾ, മറ്റ് ചെറുകിട വിൽപനശാലകൾ എന്നിവയും പരിപാടിയിൽ സജ്ജീകരിക്കും.
പുസ്തകശാല, സാഹിത്യസദസ്സ്, കവിയരങ്ങ്, എഴുത്ത് സംവാദങ്ങൾ, പ്രശ്നോത്തരികൾ, യു.എ.ഇയിലെ പ്രശസ്ത ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന, കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാൾവഴികളും ഉൾക്കൊള്ളുന്ന ചരിത്ര-പുരാവസ്തു പ്രദർശനങ്ങൾ എന്നിവയുമുണ്ടാകും.
പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയാനും പങ്കാളികളാകാനും നോർക്ക, പ്രവാസി ക്ഷേമനിധി, കെ.എസ്.എഫ്.ഇ, ദുബൈ മലയാളം മിഷൻ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
നഗരിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഒ.വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, കെ.വി. സജീവൻ, പ്രദീപ് തോപ്പിൽ, ഷിജു ബഷീർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.