ഇന്ത്യ-യു.എ.ഇ നിക്ഷേപ നടപടികൾ എളുപ്പമാക്കാൻ പ്രത്യേക കൗൺസിൽ
text_fieldsദുബൈ: ഫെബ്രുവരിയിൽ ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക കൗൺസിൽ രൂപവത്കരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഞായറാഴ്ച പുറത്തുവിട്ട കരാറിന്റെ വിശദവിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം തയാറാക്കിയ കരാർ വിവരങ്ങളുടെ വിശദരൂപം അബൂദബി ഇന്ത്യൻ എംബസിയാണ് പുറത്തുവിട്ടത്.
യു.എ.ഇ സന്ദർശിക്കുന്ന കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളുടെയും അണ്ടർ സെക്രട്ടറിതലത്തിലെ ഉദ്യോഗസ്ഥർ നേതൃത്വം വഹിക്കുന്ന കൗൺസിലിന്റെ ലക്ഷ്യം നിക്ഷേപവും വ്യാപാര സഹകരണവും പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ്. നിക്ഷേപവും വ്യാപാരബന്ധങ്ങളും നിരീക്ഷിക്കുക, വിപുലീകരിക്കാൻ അവസരങ്ങൾ കണ്ടെത്തുക, ചർച്ചകൾ ആവശ്യമുള്ള പ്രശ്നങ്ങൾ തിരിച്ചറിയുക എന്നിവയും കൗൺസിലിന്റെ കടമകളാണെന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെർച്വൽ ഉച്ചകോടിയിലാണ് ഫെബ്രുവരി 18ന് ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചത്.
സമ്പദ്വ്യവസ്ഥ, ഊർജം, കാലാവസ്ഥ, ആധുനിക സാങ്കേതികവിദ്യകൾ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വ്യാപാരവും നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതാണ് കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.