ഗോൾഡൻ വിസ ഉടമകൾക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പാക്കേജ്
text_fieldsദുബൈ: യു.എ.ഇയിലെ ഗോൾഡൻ വിസയുടമകൾക്ക് മാത്രമായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പാക്കേജ് അവതരിപ്പിച്ച് ദേശീയ ഇൻഷുറൻസ് കമ്പനിയായ ദമാൻ. അടുത്ത അഞ്ചു വർഷത്തേക്ക് അല്ലെങ്കിൽ പത്തു വർഷത്തേക്ക് രാജ്യത്ത് താമസിക്കാൻ ഉദ്ദേശിക്കുന്ന ഗോൾഡൻ വിസയുടമകൾക്ക് ഏറെ പ്രയോജനപ്രദമാകും ഇതെന്ന് ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കീഴിലെ ദുബൈ ഹെൽത്ത് ഇൻഷുറൻസ് കോർപറേഷൻ സി.ഇ.ഒയായ സാലിഹ് അൽ ഹാഷിമി പറഞ്ഞു.
മൂന്നു ലക്ഷം ദിർഹം മുതൽ രണ്ട് കോടി ദിർഹം വരെ പ്രതിവർഷം കവറേജ് കിട്ടുന്ന മൂന്നു തരം പോളിസികളാണ് ഗോൾഡൻ വിസക്കാർക്കായി ദമാൻ അവതരിപ്പിക്കുന്നത്. ഗോൾഡൻ വിസ കോർ സിൽവർ പാക്കേജിന്റെ പ്രീമിയം 2,393 ദിർഹം മുതലാണ് ആരംഭിക്കുന്നത്. മൂന്നു ലക്ഷം ദിർഹമാണ് കവറേജ് ലഭിക്കുക. ഗോൾഡൻ വിസ എൻഹാൻസ്ഡ് ഗോൾഡ് പാക്കേജിന്റെ പ്രീമിയം 4,985 ദിർഹം മുതലും കവറേജ് 25 ലക്ഷം ദിർഹവുമാണ്.
ഗോൾഡൻ വിസ പ്രീമിയർ പാക്കേജിലാകട്ടെ പ്രീമിയം 39,857ഉം കവറേജ് പരിധി രണ്ട് കോടിയുമാണ്. പ്ലാനുകൾ ഒരു വർഷത്തേക്ക് ആണെന്നും എല്ലാ വർഷവും പുതുക്കണമെന്നും ദമാൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഹമദ് അൽ മെഹ്യാസ് പറഞ്ഞു. യു.എ.ഇയിൽ താമസിക്കാത്ത ഗോൾഡൻ വിസയുടമക്ക് പോളിസി എടുക്കുമ്പോൾതന്നെ തന്റെ രാജ്യത്തിന് ബാധകമായ പ്ലാൻ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.