സ്പെഷല്‍ ഒളിമ്പിക്സ്; 73 മെഡലുകള്‍ നേടി യു.എ.ഇ
text_fieldsഅബൂദബി: ബർലിനിൽ നടന്ന സ്പെഷല്‍ ലോക ഒളിമ്പിക്സിൽ 73 മെഡലുകള്‍ നേടി യു.എ.ഇ. 18 സ്വര്‍ണവും 22 വെള്ളിയും 33 വെങ്കല മെഡലുകളുമാണ് യു.എ.ഇയുടെ താരങ്ങള്‍ രാജ്യത്തിനായി കൈവരിച്ചത്. ജൂണ്‍ 17 മുതല്‍ 25 വരെ നടന്ന ഗെയിംസില്‍ യു.എ.ഇയില്‍ നിന്ന് 167 കായികതാരങ്ങളാണ് പങ്കെടുത്തത്.
മിന റീജ്യനില്നിന്ന് ഏറ്റവും അധികം താരങ്ങളെ അയച്ച രാജ്യവും യു.എ.ഇയാണ്. ജിംനാസ്റ്റിക്സ്, റോളര്‍ സ്കേറ്റിങ് തുടങ്ങിയവയില്‍ സ്വര്‍ണം നേടിയാണ് ഗെയിംസിലെ ആദ്യദിനത്തിന് യു.എ.ഇ തുടക്കമിട്ടത്. ഘാനിം അല്‍ മെമാരിയും നജൂദ് ബിന്ഹിദാരയും റോളര്‍ സ്കേറ്റിങ്ങില്‍ സ്വര്‍ണം നേടി. ജൂഡോ താരമായ റൂധ അല്‍ അഹ്ബാബി 100 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയപ്പോള്‍ സായിദ് അല്‍ കഅബി ടെന്നിസില്‍ വെങ്കലം കരസ്ഥമാക്കി.
200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെറ്ററന്‍ നീന്തല്‍ താരം ഉമര്‍ അല്‍ ഷാമിയും 25 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആലിയ അല്‍ മുഹൈരിയും സ്വര്‍ണം നേടി. നീന്തലില്‍ നാലു വെങ്കലവും പവര്‍ലിഫ്റ്റിങ്ങില്‍ രണ്ടു വെങ്കലവും യു.എ.ഇ താരങ്ങള്‍ നേടി. അത്ലറ്റിക്സില് അസ്മ അലി സ്വര്‍ണവും ഹാരിബ് അന്ബാന് വെങ്കലവും നേടിയപ്പോള്‍ സയ അല്‍ ഹബാഷ് റോളര്‍ സ്കേറ്റിങ്ങില്‍ സ്വര്‍ണം സ്വന്തമാക്കി. സൈക്ലിങ്ങില്‍ രണ്ടു വെള്ളിയും രണ്ടുവെങ്കലവും ലഭിച്ചു. ഇക്വസ്ട്രിയന്‍ മത്സരത്തില്‍ മഹ്റ അല്‍ കഅബി വെള്ളി നേടി.
വോളിബാള്‍ പുരുഷ ടീം സ്വര്‍ണം നേടിയപ്പോള്‍ വനിത ടീം വെള്ളി നേടി. ബാസ്കറ്റ് ബാളിലും പുരുഷ ടീം സ്വര്‍ണം നേടി. ടെന്നിസില്‍ വനിത ഡബിള്‍സ് ടീമിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബാഡ്മിന്റണില്‍ സകേയ അല്‍ മാസ്മിയും ബസന് അല്‍ ബലൂഷിയും സ്വര്‍ണം നേടി. ഗേള്‍ഫില്‍ യു.എ.ഇ ടീമിന് വെള്ളി ലഭിച്ചു. ലോക ഗെയിംസില്‍ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ച യു.എ.ഇ താരങ്ങളെ സമൂഹിക വികസന മന്ത്രിയും സ്പെഷല്‍ ഒളിമ്പിക്സ് ബോര്‍ഡ് ട്രസ്റ്റി ചെയര്‍മാനുമായ ഷമ്മ ബിന്ത് സുഹൈല്‍ അല്‍ മസ്റൂയി അഭിനന്ദിച്ചു.
ബര്‍ലിനില്‍ തങ്ങളുടെ താരങ്ങള്‍ അഭിമാനകരമായ പ്രകടനം കാഴ്ചവെച്ചുവെന്നും രാജ്യമൊട്ടാകെ അവര്‍ക്കായി പിന്തുണ നല്‍കിയെന്നത് ഹൃദയം നിറച്ചുവെന്നും സ്പെഷല്‍ ഒളിമ്പിക്സിനുള്ള യു.എ.ഇ ടീമിനെ നയിച്ച തലാല്‍ അല്‍ ഹാഷിമി പറഞ്ഞു. അഡ്നോക് ആയിരുന്നു സ്പെഷല്‍ ഒളിമ്പിക്സിനുള്ള യു.എ.ഇ ടീമിന്റെ സ്പോണ്സര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.