അബൂദബിയിൽ പൈതൃകം അടയാളപ്പെടുത്താൻ പ്രത്യേക ഫലകങ്ങൾ
text_fieldsഅബൂദബി: പൈതൃക കേന്ദ്രങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തുന്നതിന് അറുപതിലേറെ ഫലകങ്ങള്‍ സ്ഥാപിക്കും. 1970കളിലും 1980കളിലും നിർമിച്ച കെട്ടിടങ്ങളിലും മറ്റുമാണ് ഫലകങ്ങള്‍ സ്ഥാപിക്കുന്നത്.
അബൂദബിയുടെ പാരിസ്ഥിതിക രേഖയില്‍ ഈ പ്രദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. ആധുനിക പൈതൃക കേന്ദ്രമായ അബൂദബി കള്‍ച്ചറല്‍ ഫൗണ്ടേഷന് കെട്ടിടത്തിന്റെ മുന്‍വശത്താണ് ആദ്യ ഫലകം സ്ഥാപിച്ചത്. അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പാണ് വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ജനപ്രീതിയാര്‍ജിച്ച കെട്ടിടങ്ങള്‍ ആധുനിക പൈതൃകകേന്ദ്രങ്ങളായാണ് അടയാളപ്പെടുത്തുന്നതെന്നും അവ അബൂദബിയുടെ സാംസ്കാരിക ഘടനയില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയര്മാന് മുഹമ്മദ് അല്‍ മുബാറക് പറഞ്ഞു.
ഇത്തരം കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ദൗത്യം. ഇതിലൂടെ ഭാവിതലമുറകള്‍ക്കായി അബൂദബിയുടെ ആധുനിക പൈതൃകകേന്ദ്രങ്ങള്‍ എടുത്തുകാട്ടുകയും സംരക്ഷിക്കുകയും ചെയ്യും. അബൂദബി കള്‍ച്ചറല്‍ ഫൗണ്ടേഷന് സ്ഥാപിതമായത് 1981ലാണ്. തലസ്ഥാനത്തെ ഏറ്റവും പഴയ ചരിത്രസ്ഥലമായ ഖസര്‍ അല്‍ ഹൊസ്നിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പരമ്പരാഗത അറബിക് കാലിഗ്രാഫിയിലടക്കം നിരവധി ശില്പശാലകളും ക്ലാസുകളും മറ്റും ഇവിടെ നല്കി വരുന്നുണ്ട്. അബൂദബിയുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അടിയന്തര ഋസംരക്ഷണം ആവശ്യമായ 64 കെട്ടിടങ്ങളും പ്രദേശങ്ങളും കണ്ടെത്തിയതായി ഡി.സി.ടി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
ഓരോ സ്ഥലത്തിന്റെയും നിശ്ചിത നിലവാരം അനുസരിച്ച് പരിപാലിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കുന്നതാണ് ഡിപ്പാർട്മെന്റിന്റെ മോഡേണ്‍ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ ഇനിഷ്യേറ്റിവ്. ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ അനുവദിക്കില്ല.
1971ല്‍ രാജ്യം യു.എന്നില്‍ ചേര്‍ന്നതിനുശേഷം യു.എ.ഇ പതാക ഉയര്‍ത്തിയ അല്‍ മന്‍ഹാല്‍ പാലസ്, പഴയ അഡ്നോക് ആസ്ഥാനം, സെന്‍ട്രല്‍ ബാങ്ക്, അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ്, സായിദ് സ്പോര്‍ട്സ് സിറ്റി, നഗരത്തിലെ പ്രധാന ബസ് ടെര്‍മിനല്‍ എന്നിവയാണ് സംരക്ഷിത കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നത്.
പാര്‍ക്കുകള്‍, വാട്ടര്‍ ടാങ്കുകള്‍, ആരോഗ്യ സമുച്ചയം, ആദ്യകാല റെസിഡന്‍ഷ്യല്‍ ടവറുകൾ, നഗരത്തിലെ ഗാഫ് മരങ്ങളുടെ കൂട്ടം എന്നിവ ഉള്‍പ്പെടെ അധികം പരിചിതമല്ലാത്ത സ്ഥലങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.