കുട്ടികൾക്ക് പ്രത്യേക സിം കാർഡ് പുറത്തിറക്കി
text_fieldsദുബൈ: കുട്ടികൾക്ക് ഉപയോഗിക്കാവുന്ന പ്രത്യേക സിം കാർഡുകൾ പുറത്തിറക്കി. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് പരിശോധിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. എമിറേറ്റിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്ത് ബൈ ഇ ആൻഡ് ആണ് ‘കുട്ടി’ സിം കാർഡുകൾ പുറത്തിറക്കിയത്. രണ്ട് പ്രതിമാസ പ്ലാനുകളിൽ സിം കാർഡുകൾ ലഭ്യമാണ്.
49 ദിർഹം, 99 ദിർഹം എന്നിങ്ങനെയാണ് പ്രതിമാസ പ്ലാനുകൾ. ലോക്കൽ കാൾ മിനിറ്റുകൾ, 24 മണിക്കൂറും ടാറ്റ സേവനം, വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഡേറ്റ, കുട്ടികൾക്ക് കാൾ ചെയ്യാൻ കഴിയുന്ന നമ്പർ രക്ഷിതാക്കൾക്ക് തീരുമാനിക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് പുതിയ സിം കാർഡ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ. ഇ ആൻഡ് യു.എ.ഇയുടെ എല്ലാ ഔട്ട്ലറ്റുകളിലും സിം കാർഡ് ലഭ്യമാണ്. ഇ ആൻഡ് യു.എ.ഇ ആപ്ലിക്കേഷൻ ഉപയോഗിച്ച് സിം കാർഡ് ആക്ടിവേറ്റ് ചെയ്യാം.
നിലവിൽ ഇ ആൻഡിന്റെ സാധാരണ സിം കാർഡ് ഉപയോഗിക്കുന്നവർക്കും രക്ഷാകതൃ നിയന്ത്രണ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. ഇതുവഴി വീടിനകത്തും പുറത്തും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനാവും. കൂടാതെ അനുചിതമായ വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കും കുട്ടികളുടെ പ്രവേശനം പരിമിതപ്പെടുത്താൻ രക്ഷിതാക്കൾക്ക് ഇന്റർനെറ്റ് ഉള്ളടക്കം നിരീക്ഷിക്കാം. അതോടൊപ്പം പ്രതിദിന മൊബൈൽ ഉപയോഗം നിയന്ത്രിക്കുന്നതിന് സ്ക്രീൻ ടൈം മാനേജ്മെന്റ് സംവിധാനനവമുണ്ട്.
പ്രമുഖ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ പ്രവർത്തനം ട്രാക്ക് ചെയ്യുന്നതിന് സമൂഹ മാധ്യമങ്ങൾ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനാവും. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് ലഭിക്കുന്നതിലൂടെ ബ്രൗസിങ് ഹിസ്റ്ററിയും ആപ്പിന്റെ ഉപയോഗവും പരിശോധിക്കാനും കഴിയും. കൂടാതെ വൈറസുകളിൽ നിന്ന് ഗാഡ്ജറ്റുകളെ സംരക്ഷിക്കുന്നതിനായി സൈബർ സുരക്ഷ നടപടികളും പുതിയ സിം കാർഡ് വാഗ്ദാനം ചെയ്യുന്നു.
രക്ഷാകർതൃ നിയന്ത്രണ സേവനം കിഡ്സ് സിം കാർഡിനൊപ്പം സൗജന്യമായി ലഭിക്കും. മറ്റ് ഉപയോക്താക്കൾക്ക് പ്രതിമാസം 30 ദിർഹമിന് പ്രത്യേകമായി ഇത് ലഭിക്കാനുള്ള സൗകര്യവുമുണ്ട്. ഒരു മാസത്തെ സൗജന്യ ട്രയൽ സേവനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.