പാമ്പുകളിൽനിന്ന് സംരക്ഷണത്തിന് പ്രത്യേക ടീം
text_fieldsഷാർജ: മരുഭൂമികളിലും റെസിഡൻഷ്യൽ കേന്ദ്രങ്ങളിലും ക്യാമ്പ് ചെയ്യുന്നവരെ പാമ്പുകളിൽനിന്ന് സംരക്ഷിക്കാൻ പ്രത്യേക ടീം രൂപവത്കരിച്ച് ഷാർജ മുനിസിപ്പാലിറ്റി. ജനവാസ മേഖലകളിൽ പാമ്പുകളെ കണ്ടാൽ 993 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പാമ്പുകളെയും മറ്റു വന്യജീവികളേയും കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ജീവനക്കാരെ മുനിസിപ്പാലിറ്റി സജ്ജമാക്കിയിട്ടുണ്ട്.
ശൈത്യകാലത്തിന് തുടക്കമായതോടെ എമിറേറ്റിൽ നിരവധി പേർ ക്യാമ്പിങ്ങിനായി മരുഭൂമികളിലും പാർക്കുകളിലും സന്ദർശിക്കുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയത്. പാമ്പുകളും വിഷ ജീവികളും അവയുടെ ആവാസ മേഖലകളിൽ മാത്രമല്ല, പൂന്തോട്ടങ്ങളിലും മറ്റും പ്രവേശിക്കുന്നതായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അടുത്തിടെ എക്സ് പോസ്റ്റിൽ ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു.
വിഷപ്പാമ്പുകളെ കണ്ടാൽ ഭയപ്പെടാതെ മാറി നിൽക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യണം. കൂടാതെ വീടുകളുടെ പരിസരത്തുള്ള കെട്ടിടാവശിഷ്ടങ്ങൾ, മരങ്ങൾ, ഇലകൾ എന്നിവ വൃത്തിയായി സൂക്ഷിക്കണം. മരങ്ങളുടെ ചില്ലകളും പുല്ലുകളും വെട്ടി വൃത്തിയാക്കുകയും വേണം. ഭക്ഷണാവശിഷ്ടങ്ങൾ കൃത്യമായി സംസ്കരിക്കാൻ സംവിധാനം ഉണ്ടാക്കണം.
പാമ്പുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ പാമ്പുപിടിത്തത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കാം. പാമ്പു കടിയേറ്റാൽ ഭയപ്പെടാതെ മെഡിക്കൽ സംഘത്തിന്‍റെ സഹായം തേടണമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.