അബൂദബിയിൽ ഡ്രൈവറില്ലാ വാഹന നിർമാണത്തിന് പ്രത്യേക മേഖല
text_fieldsഅബൂദബി: അബൂദബിയിൽ സ്വയംനിയന്ത്രണ വാഹനങ്ങളുടെ വികസനവും നിർമാണവും ലക്ഷ്യമിട്ട് പ്രത്യേക വ്യവസായമേഖല സ്ഥാപിക്കുന്നു. കരയിലും കടലിലും ആകാശത്തും ഉപയോഗിക്കാൻ കഴിയുന്ന സ്വയംനിയന്ത്രണ വാഹനങ്ങൾ വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കുകയാണ് ലക്ഷ്യം.
ഹരിത ഗതാഗതത്തിലേക്കുള്ള പരിവർത്തനം ലക്ഷ്യമിട്ടാണ് സ്മാർട്ട് ആൻഡ് ഓട്ടോണമസ് വെഹിക്ക്ൾ ഇൻഡസ്ട്രീസ് (എസ്.എ.വി.ഐ) എന്ന പേരിൽ പ്രത്യേക വ്യവസായ ക്ലസ്റ്ററിന് രൂപം നൽകുന്നത്. ഇതുവഴി 30,000ത്തിനും 50,000ത്തിനും ഇടയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കൂടാതെ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ 12,000 കോടി ദിർഹമിന്റെ അധികവരുമാനവും പ്രതീക്ഷിക്കുന്നു.
ബുധനാഴ്ച അബൂദബി മീഡിയ ഓഫിസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പദ്ധതിക്ക് അംഗീകാരം നൽകി. അബൂദബി ഡിപ്പാർട്മെന്റ് ഓഫ് എക്കണോമിക് ഡെവലപ്മെന്റ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി അവതരിപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങളും അദ്ദേഹം വിലയിരുത്തി.
ഹരിത ഗതാഗത ലക്ഷ്യങ്ങൾ മുൻനിർത്തി നൂതന വ്യവസായ മേഖലയിലേക്കുകൂടി നിക്ഷേപം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മേഖലയുടെ വികസനത്തിനായി ഇമാറാത്തി പൗരന്മാരുടെ വൈദഗ്ധ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ആഗോളതലത്തിൽ വിദഗ്ധരെ ആകർഷിക്കാനും അതുവഴി വ്യവസായ സാഹചര്യങ്ങൾ സൃഷ്ടിക്കാനും കിരീടാവകാശി നിർദേശം നൽകി.
ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം എന്ന നിലയിൽ മുഴുവൻ മേഖലകളിലും സുസ്ഥിരമായ രീതികൾ നടപ്പാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. 2030ഓടെ സുസ്ഥിരമായ ഗതാഗതമാർഗങ്ങളുടെ കൂടുതൽ ഉപയോഗം ലക്ഷ്യമിട്ട് അബൂദബി ട്രാൻസ്പോർട്ടേഷൻ മൊബിലിറ്റി മാനേജ്മെന്റ് സ്ട്രാറ്റജി (ടി.എം.എം) നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.