അബൂദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിവേഗ കോവിഡ് പരിശോധന
text_fieldsഅബൂദബി: മറ്റ് രാജ്യങ്ങളിൽ നിന്ന് അബൂദബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിവേഗത്തിൽ ഫലം ലഭ്യമാകുന്ന സൗജന്യ കോവിഡ് പരിശോധന സൗകര്യം ഏർപെടുത്തി. 90 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. ഏറ്റവും വേഗത്തിൽ പി.സി.ആർ പരിശോധന ഫലം ലഭ്യമാക്കുന്ന സംവിധാനമാണിതെന്നും അബൂദബി സർക്കാർ ഓഫീസ് അറിയിച്ചു.
പ്രതിദിനം 20,000 യാത്രക്കാരുടെ കോവിഡ് പരിശോധന നടത്താനുള്ള ശേഷിയോടെ പ്രവർത്തനമാരംഭിച്ച എയർപോർട്ടിലെ ലബോറട്ടറി വിമാന യാത്രാ നടപടിക്രമങ്ങളും ക്വാറൻറീൻ നടപടികളും സുഗമമാക്കും. പ്യുവർ ഹെൽത്ത്, തമൂഹ് ഹെൽത്ത് കെയർ എന്നിവയുടെ സഹകരണത്തോടെയാണ് സൗകര്യം.
വിദേശ രാജ്യങ്ങളിൽ നിന്ന് അബൂദബിയിലെത്തുന്ന യാത്രക്കാർ 96 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്. വിമാനത്താവളത്തിലെത്തിയാൽ വീണ്ടും പരിശോധന നിർബന്ധമാണ്. ഇതിനാണ് അതിവേഗ സംവിധാനം ഒരുക്കിയിരിക്കുന്നത്. ടെർമിനൽ 1, 3 വഴി എത്തുന്ന എല്ലാ യാത്രക്കാരുടെയും കോവിഡ് പി.സി.ആർ പരിശോധിക്കും.
4,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പ്രവർത്തിക്കുന്ന സംവിധാനം ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. 190 ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ട്. ഫലങ്ങൾ മൊബൈൽ നമ്പരിൽ മെസേജ് വഴിയോ വാട്ട്സ്ആപ്പ് വഴിയോ പങ്കുവെക്കും. എമിറേറ്റ്‌സ് ഐ.ഡി കാർഡുള്ളവർക്ക് അൽഹൊസൈൻ മൊബൈൽ ആപ്ലിക്കേഷനിലും കോവിഡ് ഫലം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.