കായിക സംസ്കാരം വളർത്താൻ സ്പോർട്സ് കൗൺസിലും ജി.ഡി.ആർ.എഫ്.എയും കരാർ
text_fieldsദുബൈ: ദുബൈയിലെ തൊഴിലാളികൾക്കിടയിൽ കായിക സംസ്കാരം വളർത്തുന്നതിനും അവരെ കായിക പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിനുമായി ദുബൈ സ്പോർട്സ് കൗൺസിലും ജി.ഡി.ആർ.എഫ്.എയും കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം തൊഴിലാളികൾക്കായി കൂടുതൽ കായിക മേളകൾ സംഘടിപ്പിക്കുകയും പരിശീലന സൗകര്യങ്ങൾ ലഭ്യമാക്കുകയും അവരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും.
ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് മുഹമ്മദ് ഹാരിബും ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുമാണ് ഈ കരാറിൽ ഒപ്പുവെച്ചത്. ദുബൈയിലെ തൊഴിലാളികളെ കൂടുതൽ സജീവവും ആരോഗ്യകരവുമായ ഒരു സമൂഹമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാർ. സംയുക്ത കായിക പരിപാടികളും പരിശീലനങ്ങളും വികസിപ്പിക്കുന്നതിനും തൊഴിലാളികൾക്കുള്ള കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ കരാർ സഹായിക്കും.
കൂടാതെ, സന്നദ്ധസേവന സംസ്കാരം പ്രോത്സാഹിപ്പിക്കാനും കായിക ഇവന്റുകളിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇത് സഹായിക്കും. ഈ കരാർ ദുബൈയിലെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവരെ കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നതിനും സഹായിക്കുമെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.