പാഡ്ബാളിനെയും നെഞ്ചിലേറ്റി ദുബൈ
text_fieldsവോളിബാളിന് ടെന്നിസിലുണ്ടായ ഐറ്റം, അതാണ് പാഡ്ബാൾ. ഷട്ട്ൽ കോർട്ടിന്റെ വലിപ്പമുള്ള മൈതാനം, ടെന്നിസ് നെറ്റിന്റെ ഉയരമുള്ള നെറ്റ്, ഫുട്ബാളിന്റെ വലിപ്പമുള്ള പന്ത്, വോളിബാളിന് സമാനമായ നിയമം, സ്ക്വാഷിന്റെ രൂപത്തിലുള്ള കോർട്ട്... ഇതാണ് പാഡ്ബാൾ കോർട്ടിന്റെ ആകെ തുക. വോളിബാൾ പോലൊരു പന്തുെകാണ്ട് കൈ ഉപയോഗിക്കാതെ കാലും തലയും ഉപയോഗിച്ച് കളിക്കുന്ന മത്സരം. വോളിബാളിലും ഷട്ട്ലിലുമെല്ലാം കൈയും ബാറ്റും ഉപയോഗിച്ചുള്ള സ്മാഷുകളാണ് നമ്മൾ കണ്ടതെങ്കിൽ ഇവിടെ കാണുന്നത് തലയും കാലും വെച്ചുള്ള തകർപ്പൻ ഷോട്ടുകളാണ്. ഏത് കായിക ഇനവും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ദുബൈ ലോകത്തിലെ ഏറ്റവും വലിയ പാഡ്ബാൾ സ്പോർട്സ് കോംപ്ലക്സ് നിർമിച്ചിരിക്കുകയാണ്. അൽഖൂസിലാണ് 10,000 ചതുരശ്ര അടി വലിപ്പത്തിൽ പാഡ്ബാൾ കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്. കഫെ, ലോഞ്ച്, ഷവർ, പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടൊയാണ് കൂറ്റൻ കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്.
ദേശീയ, അന്തർദേശീയ മത്സരങ്ങൾക്ക് പുറമെ ലീഗ് മാച്ച്, പരിശീലനം, കുട്ടികളുടെ ക്യാമ്പ് എന്നിവക്കും ഈ കോംപ്ലക്സ് ഉപയോഗിക്കാം. ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. വനിതകളെ കൂടുതൽ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട് ദുബൈയിലെ പാഡ്ബാൾ കോംപ്ലക്സിന്.
രാവിലെ ഏഴ് മുതൽ രാത്രി 12 വരെയാണ് കോംപ്ലക്സ് തുറന്നിരിക്കുക. നാല് പേരടങ്ങുന്ന സംഘത്തിന് ഒരു മണിക്കൂർ കളിക്കാൻ 200 ദിർഹമാണ് ഈടാക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തശേഷം ഇവിടെയെത്തി കളിക്കാം.
എന്താണ് പാഡ്ബാൾ:
2008ൽ അർജന്റീനയിലാണ് പാഡ്ബാൾ ആരംഭിച്ചത്. ഇപ്പോൾ 30ലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഫുട്ബാൾ, ടെന്നിസ്, വോളിബാൾ, സ്ക്വാഷ് എന്നിവയുടെ സംയോജനമാണിത്. ഈ കളികളിൽ നിന്ന് കടംകൊണ്ട നിയമങ്ങൾ പലതും ഇവിടെ കാണാം. രണ്ട് പേർ വീതമുള്ള രണ്ട് ടീമാണ് മത്സരിക്കേണ്ടത്. വോളിബാളിന്റേത് പോലെ മൂന്ന് ടച്ചാണ് ഒരു ടീമിന് പരമാവധി അനുവദിച്ചിരിക്കുന്നത്. എന്നാൽ, സ്കോറിങ് രീതി ടെന്നിസിലേത് പോലെയാണ്. ഫുട്ബാളിനേക്കാൾ അൽപം ചെറുതും കനം കുറഞ്ഞതുമാണ് പന്ത്. പന്ത് ഔട്ട് പോകുമെന്ന് ഭയക്കേണ്ട. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് സ്ക്വാഷിലെ നിയമമാണ്. അതിർത്തി ഭിത്തിയിൽ തട്ടി തിരിച്ചുവരുന്ന പന്തും കളിക്കാം. കാലും തലയും മാത്രമല്ല, നെഞ്ചുപയോഗിച്ചും ബാൾ തടുത്തിടാം. 6x10 ആണ് കോർട്ടിന്റെ വലുപ്പം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.