ദുബൈയിൽ ഇത് കായിക മാസം
text_fieldsദുബൈ: ദുബൈയിൽ ഈ മാസം അരങ്ങേറുന്നത് 30 കായിക മത്സരങ്ങൾ. ഇതിൽ ഏഴ് അന്താരാഷ്ട്ര മത്സരങ്ങളും ഉൾപെടുന്നു. റമദാൻ തുടങ്ങുന്നതിന് മുൻപേ തുടങ്ങുന്ന മത്സരങ്ങൾ റമദാനിന്‍റെ രാത്രികളിലും സജീവമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ചാണ് ഈ പരിപാടികളെല്ലാം നടക്കുന്നത്. ദുബൈ ഡ്യൂട്ടി ഫ്രി ഓപ്പൺ ടെന്നിസ് ചാമ്പ്യൻഷിപ്പാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നൊവാക് ദ്യോകോവിച് ഉൾപെടെയുള്ള വമ്പൻ താര നിര അണിനിരന്ന ടൂർണമെന്‍റ് ശനിയാഴ്ചയാണ് സമാപിച്ചത്. വനിത ടെന്നിസിലെ ആദ്യ പത്ത് റാങ്കിൽ നിൽക്കുന്നതിൽ ഏഴ് പേരും പങ്കെടുത്തിരുന്നു. നാലാമത് ഗവൺമെന്‍റ് ഗെയിംസാണ് മറ്റൊരു പ്രധാന ഇനം. രണ്ടിന് തുടങ്ങിയ മത്സരങ്ങൾ ഇന്നാണ് സമാപിക്കുന്നത്. 164 ടീമുകളാണ് കൊമ്പുകോർക്കുന്നത്.
14ാമത് ദുബൈ പോളോ ഗോൾഡ് കപ്പ് ഇന്നലയാണ് സമാപിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച പോളോ ചാമ്പ്യൻഷിപ്പുകളിൽ ഒന്നാണിത്. ഫസ്സ ഇന്‍റർനാഷനൽ പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനും ദുബൈ സാക്ഷ്യം വഹിച്ചു. 66 രാജ്യങ്ങളിലെ 700 കായിക താരങ്ങളാണ് പങ്കെടുത്തത്. ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടിയ താരങ്ങളും പങ്കെടുത്തിരുന്നു.
രണ്ടിന് ആരംഭിച്ച ഏഷ്യൻ ടെക് ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും. ബുർജ് ഖലീഫയുടെ താഴെയുള്ള ഡൗൺടൗൺ ബുർജ്പാർക്കിലാണ് മത്സരം. ഹത്തയിൽ ഇന്ന് രണ്ട് സൈക്ലിങ് ചാമ്പ്യൻഷിപ്പുകൾ നടക്കുന്നുണ്ട്. ഹത്ത സൈക്ലിങ് ചാലഞ്ച് രാവിലെ ആറിന് ഹാബ് വാലിയിൽ നിന്ന് ആരംഭിക്കും. ഹത്ത ഹിൽസ് റൺ രാവിലെ ഏഴ് മുതൽ ഹത്ത ഫോർട്ട് ഹോട്ടലിന് മുന്നിൽ നിന്ന് തുടങ്ങും. വിവിധ രാജ്യങ്ങളിലെ 1000 പേർ പങ്കെടുക്കും. ജുമൈറ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജിംനാസ്റ്റിക്സ് ഇന്‍റർനാഷനൽ ചാമ്പ്യൻഷിപ്പിൽ 300ഓളം വനിതാ താരങ്ങൾ പങ്കെടുക്കും. ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മിഡിലീസ്റ്റ് ഇന്‍റർനാഷനൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ 600 പേരാണ് പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിലെ 30 ടീമകൾ ഇവിടെയെത്തും.
വനിതകളുടെ ലബനീസ് ബാസ്ക്കറ്റ് ബാൾ ലീഗ് അൽ ബർഷയിലെ ബ്രൈറ്റൺ യൂനിവേഴ്സിറ്റിയിൽ ഇന്ന് സമാപിക്കും. മീൻപിടിത്തക്കാരുടെ പ്രിയ മത്സരമായ ദുബൈ ഫിഷിങ് ചാമ്പ്യൻഷിപ്പ് ഇന്‍റർനാഷനൽ മറൈൻ ക്ലബ്ബിൽ നടക്കുന്നുണ്ട്. ഇന്നാണ് സമാപനം. നിശ്ചയദാർഡ്യ വിഭാഗക്കാർക്കായി നടക്കുന്ന ഫാമിലി ഫൺ റേസ് ഇന്നലെ സമാപിച്ചു. ദുബൈ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിന്‍റെ പത്താം എഡിഷൻ അക്കാദമിക് സിറ്റിയിലെ മണിപ്പാൽ ഹയർ എജുക്കേഷൻ അക്കാദമിയിലാണ് നടക്കുന്നത്. ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ ഡ്രാഗൺ ബോട്ട് റേസ്, ഹിൽസ് ഗോൾഫ് ക്ലബ്ബിൽ കമ്യൂനിറ്റി ഗോൾഫ്, ഓഫ്ഷോർ സെയ്ലിങ് ക്ലബ്ബിൽ മോഡേൺ സെയൽ ബോട്ട് റേസിങ്, ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ ഹാമിൽട്ടൺ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ്, പാം ജുമൈറയിൽ കിങ് ആൻഡ് ക്യൂൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് തുടങ്ങിയവയെല്ലാം ഈ മാസം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.