വായനയുടെ വസന്തകാലത്തിന് ഷാർജയിൽ തുടക്കം
text_fieldsദുബൈ: വായനയുടെ വസന്തകാലത്തിന് യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനത്ത് പ്രൗഢമായ തുടക്കം. ലോകമെമ്പാടുമുള്ള അക്ഷരപ്രേമികൾക്ക് ഇനിയുള്ള 12 ദിനങ്ങൾ ഉത്സവരാവുകൾ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43ാം എഡിഷൻ ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ചു.
ബുധനാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തക മേള ഉദ്ഘാടനം ചെയ്തു.
‘തുടക്കം ഒരു പുസ്തകം’ എന്ന പ്രമേയത്തിൽ നവംബർ 17 വരെ നടക്കുന്ന മേളയിൽ മലയാളത്തിൽ നിന്നടക്കം പ്രഗത്ഭ എഴുത്തുകാരും ചിന്തകരും ജനപ്രതിനിധികളും പങ്കെടുക്കും. പുസ്തകത്സോവത്തിന്റെ ഭാഗമായി ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിച്ച 14ാമത് പ്രസാധക സമ്മേളനത്തിന് വൻ പങ്കാളിത്തമാണ് ദൃശ്യമായത്.
1146 പ്രസാധകർ പങ്കെടുത്ത സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ 31 ചർച്ചകളും 108 രാജ്യങ്ങളിൽ നിന്നുള്ള 74 വിദഗ്ധരുടെ പ്രസംഗങ്ങളും നടന്നു.
12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 112 രാജ്യങ്ങളിൽ നിന്ന് 2522 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്. ലോകത്തെ 63 രാജ്യങ്ങളിൽ നിന്നായി 250 അതിഥികൾ വിവിധ ദിവസങ്ങളിലായി പുസ്തകോത്സവ വേദിയിലെത്തും. ഇവരുടേതടക്കം ആകെ 1,357 സാംസ്കാരിക പരിപാടികൾ അരങ്ങേറും. കൂടാതെ 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിലുള്ള ലൈവ് പാചക സെഷനുകളും അടുത്ത ദിവസങ്ങളിൽ നടക്കും.
മൊറോക്കോയാണ് ഇത്തവണത്തെ അതിഥി രാജ്യം. യു.എ.ഇയിൽ നിന്ന് മാത്രമായി ഇത്തവണ 234 പ്രസാധകരാണ് പങ്കെടുക്കുന്നത്. 172 പ്രസാധകരുമായി ഈജിപ്തും പുസ്തകോത്സവത്തിൽ എത്തും. ലബനാനിൽനിന്ന് 88ഉം സിറിയയിൽനിന്ന് 58ഉം പ്രസാധകരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽനിന്ന് 52 പ്രസാധകരാണ് എത്തുന്നത്. 32 രാജ്യങ്ങളിൽ നിന്നുള്ള 134 അതിഥികൾ പങ്കെടുക്കുന്ന 500 സാംസ്കാരിക പ്രവർത്തനങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. എല്ലാ പ്രായക്കാർക്കുമായി 600 വർക്ക്ഷോപ്പുകൾ നടത്തുകയും ക്രിയാത്മകമായ സാഹിത്യ രചന രംഗത്തെ പ്രമുഖരായ ആഗോള വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക വർക്ക്ഷോപ്പുകളും അരങ്ങേറും.
മേളയുടെ എല്ലാദിവസവും രാവിലെ നടക്കുന്ന കവിയരങ്ങ് ഈ വർഷത്തെ പ്രത്യേകതയായിരിക്കും. ആറ് ഭാഷകളിൽ നടക്കുന്ന കവിയരങ്ങളിൽ മലയാളത്തിൽനിന്ന് റഫീഖ് അഹമ്മദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. പുസ്തകമേളയിൽ എത്തുന്ന പ്രത്യേക അതിഥികളിൽ ബോളിവുഡ് താരം ഹുമ ഖുറൈശിയുമുണ്ടാകും.
പുസ്തകോത്സവ നഗരിയിലെ മലയാളികളുടെ ഒത്തുചേരൽ വേദിയായ ‘റൈറ്റേഴ്സ് ഫോറം’ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി നിരവധി പുസ്തകങ്ങളുടെ പ്രകാശനം ഇവിടെ നടക്കും. ബാള് റൂം, ഇന്റലക്ച്വൽ ഹാൾ തുടങ്ങിയ വേദികളിലും വിവിധ ഇന്ത്യൻ എഴുത്തുകാരുടെയും സാംസ്കാരിക വ്യക്തിത്വങ്ങളുടെയും പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ സംഗീത ഇതിഹാസം ഇളയരാജ, ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പോഡിനോവ്, തമിഴ്നാട് ഐ.ടി, ഡിജിറ്റൽ സേവന കാര്യ മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ, തമിഴ് - മലയാള എഴുത്തുകാരൻ ബി. ജയമോഹൻ, യുവാക്കളുടെ പ്രിയ എഴുത്തുകാരായ ചേതൻ ഭഗത്, അഖിൽ പി.ധർമജൻ, അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്, മലയാളത്തിന്റെ പ്രിയങ്കരനായ കവി പി.പി. രാമചന്ദ്രൻ, സഞ്ചാരിയും പാചക വിദഗ്ധയുമായ ഷെനാസ് ട്രഷറിവാല, പുരാവസ്തു ഗവേഷകരായ ദേവിക കരിയപ്പ, റാണ സഫ്വി എന്നിവരും മേളയെ സമ്പന്നമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.