എസ്.എസ്.എൽ.സി : ഗൾഫിൽ 97.03 ശതമാനം വിജയം, എ പ്ലസ് കൂടി
text_fieldsദുബൈ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിൽ 97.03 ശതമാനം വിജയം. 221 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ കുറവുണ്ടായെങ്കിലും എ പ്ലസിെൻറ എണ്ണം ഗണ്യമായി ഉയർന്നു. കഴിഞ്ഞ വർഷം 76 കുട്ടികൾ എ പ്ലസ് നേടിയപ്പോൾ 98.32 ശതമാനമായിരുന്നു വിജയം.
ഗൾഫിൽ യു.എ.ഇയിൽ മാത്രമാണ് എസ്.എസ്.എൽ.സി വിദ്യാർഥികളുള്ളത്. ഒമ്പത് സ്കൂളുകളിലെ 573 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. 556 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മൂന്ന് സ്കൂളുകൾ നൂറുമേനി വിജയം കൊയ്തു. കഴിഞ്ഞ വർഷം 591 പേർ പരീക്ഷയെഴുതിയപ്പോൾ 587 പേരാണ് വിജയിച്ചത്.
ഇക്കുറി ഷാർജ ന്യൂ ഇന്ത്യൻ മോഡൽ, റാസൽ ഖൈമ ന്യൂ ഇന്ത്യൻ മോഡൽ, ഉമ്മുൽഖുവൈൻ പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂൾ എന്നിവർ നൂറുമേനി നേടി. മറ്റ് ചില സ്കൂളുകളിലെയും പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ജയിച്ചെങ്കിലും ചില കുട്ടികൾക്ക് കോവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാതെവന്നതോടെ നൂറുമേനി നഷ്ടമായി.
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് അബൂദബി മോഡൽ സ്കൂളിലായിരുന്നു. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് നാല് കുട്ടികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം ഒമ്പതിൽ ഏഴ് സ്കൂളുകളും നൂറ് ശതമാനം വിജയം നേടിയിരുന്നു.
അനിശ്ചിതത്വങ്ങൾക്ക് നടുവിലാണ് യു.എ.ഇയിലെ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.പരീക്ഷ മാറ്റിവെച്ചതോടെ വിസ കാലാവധി കഴിയാറായ കുട്ടികൾ പ്രതിസന്ധിയിലായിരുന്നു. പരീക്ഷ എഴുതാൻ മാത്രം വിസ പുതുക്കുകയോ വിസിറ്റ് വിസ എടുക്കുകയോ ചെയ്യേണ്ടിവന്നു. ഇത് രക്ഷിതാക്കൾക്കും സാമ്പത്തികനഷ്ടമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.