എസ്.എസ്.എൽ.സി: യു.എ.ഇയിൽ 98.9 ശതമാനം വിജയം; ആറ് സ്കൂളുകൾക്ക് നൂറുമേനി
text_fieldsഅബൂദബി: കേരള എസ്.എസ്.എൽ.സിയിൽ യു.എ.ഇയിൽ 98.9 ശതമാനം വിജയം. രാജ്യത്തെ ഒമ്പത് സ്കൂളുകളിലായി പരീക്ഷ എഴുതിയ 544 വിദ്യാർഥികളിൽ 538 പേർ വിജയിച്ചു. 56 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
ഒമ്പത് സ്കൂളുകളിൽ ആറെണ്ണം നൂറുമേനി കരസ്ഥമാക്കി. മോഡൽ സ്കൂൾ അബൂദബി, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ (നിംസ്) അൽെഎൻ, ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈൻ, ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽഖുവൈൻ, നിംസ് ദുബൈ, ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ് റാസൽഖൈമ എന്നിവിടങ്ങളിലാണ് എല്ലാ വിദ്യാർഥികളും ജയിച്ചത്. നിംസ് ഷാർജയിൽ ഒരു വിദ്യാർഥിയും ഗൾഫ് മോഡൽ സ്കൂൾ ദുബൈയിൽ മൂന്നുപേരും ഇന്ത്യൻ സ്കൂൾ ഫുജൈറയിൽ രണ്ടുപേരുമാണ് പരാജയപ്പെട്ടത്.
യു.എ.ഇയിൽ സമ്പൂർണ എ പ്ലസ് നേടിയ 56 വിദ്യാർഥികളിൽ 37 പേരും അബൂദബി മോഡൽ സ്കൂളിൽനിന്നുള്ളവരാണ്. നിംസ് ദുബൈയിൽ നാല്, നിംസ് ഷാർജയിൽ മൂന്ന്, ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ് റാസൽഖൈമയിൽ ഒന്ന്, ഗൾഫ് മോഡൽ സ്കൂൾ ദുബൈയിൽ നാല്, ഇന്ത്യൻ സ്കൂൾ ഫുജൈറയിൽ നാല്, ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽഖുവൈനിൽ മൂന്ന് വിദ്യാർഥികളും എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.
ഫുജൈറ: കേരള പാഠ്യക്രമത്തിലുള്ള എസ്.എസ്.എൽ.സി പരീക്ഷയിൽ മലയാളി വിദ്യാർഥികൾക്ക് പുറമെ വിദേശ രാജ്യക്കാർക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും വിജയം. ഇന്ത്യൻ സ്കൂൾ ഫുജൈറയിൽ ബംഗ്ലാദേശ്, പാകിസ്താന്, ഐവറി കോസ്റ്റ് രാജ്യങ്ങളിലെ വിദ്യാഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ് റാസൽഖൈമയിൽ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഫലസ്തീൻ, കോമറോസ്, ശ്രീലങ്ക, മൊറോക്കോ, സുഡാൻ, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു.
വിജയ ശതമാനം വർധിച്ചു
അബൂദബി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യു.എ.ഇയിൽ വിജയ ശതമാനം വർധിച്ചു. 2017ലേതിനേക്കാൾ 29 വിദ്യർഥികൾ കൂടുതൽ പരീക്ഷ എഴുതിയിട്ടും വിജയിച്ചവരുടെ എണ്ണത്തിൽ 0.45 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം പരീക്ഷ എഴുതിയ 515 വിദ്യാർഥികളിൽ 507 പേരായിരുന്നു തുടർ പഠനത്തിന് യോഗ്യത നേടിയിരുന്നത്.
അതേസമയം, നൂറുമേനി നേടിയ സ്കൂളുകളുടെ എണ്ണം ഏഴിൽനിന്ന് ആറായി. നിംസ് ദുബൈ, ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ് റാസൽഖൈമ എന്നിവക്കാണ് കഴിഞ്ഞ വർഷം സമ്പൂർണ വിജയം നഷ്ടമായത്. ഇൗ രണ്ട് സ്കൂളുകളും ഇത്തവണ സമ്പൂർണ വിജയം നേടിയെങ്കിലും ഗൾഫ് മോഡൽ സ്കൂൾ ദുബൈ, ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ് ഷാർജ എന്നിവ നൂറുമേനി പട്ടികയിൽനിന്ന് പുറത്തായി. ഗൾഫ് മോഡൽ സ്കൂൾ ദുബൈയിൽ മൂന്നുപേർക്കും ഇന്ത്യൻ സ്കൂൾ ഫുജൈറയിൽ രണ്ടുപേർക്കും നിംസ് ഷാർജയിൽ ഒരാൾക്കുമാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാൻ സാധിക്കാതിരുന്നത്.
പതിവ് വിജയം ആവർത്തിച്ച് മോഡൽ സ്കൂൾ
അബൂദബി: യു.എ.ഇയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി എല്ലാവരെയും വിജയിപ്പിക്കുകയും ഏറ്റവും കൂടുതൽ സമ്പൂർണ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുക എന്ന പതിവ് ഇത്തവണയും ആവർത്തിച്ച് അബൂദബി മോഡൽ സ്കൂൾ. 130 വിദ്യാർഥികളാണ് സ്കൂളിൽ ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ 141 വിദ്യാർഥികളെ പരീക്ഷക്കിരുത്തി സ്കൂൾ എല്ലാവർക്കും വിജയം സമ്മാനിച്ചിരുന്നു. ഇൗ വർഷം യു.എ.ഇയിൽ സമ്പൂർണ എ പ്ലസ് നേടിയ 55 വിദ്യാർഥികളിൽ 37 പേരും അബൂദബി മോഡൽ സ്കൂളിൽനിന്നാണ്. കഴിഞ്ഞ തവണത്തെ 36 സമ്പൂർണ എ പ്ലസുകാരിൽ 24 പേരും ഇതേ സ്കൂളിൽനിന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.