എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് അനുമതി; ആശങ്ക നീങ്ങി
text_fieldsദുബൈ: അധികൃതർ അനുമതി നൽകിയതോടെ യു.എ.ഇയിലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ 26ന് തന്നെ പുനരാരംഭിക്കും. പരീക്ഷ തുടങ്ങാൻ നാലു ദിനം മാത്രം ബാക്കിനിൽക്കെയാണ് അനുമതി ലഭിച്ചത്. ഇതോടെ, രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കക്ക് പരിഹാരമായി. അതേസമയം, കടുത്ത നിബന്ധനകളോടെയാണ് പരീക്ഷക്ക് അനുമതി നൽകിയിരിക്കുന്നത്. 26 മുതൽ 30 വരെയാണ് പരീക്ഷ. വിദേശരാജ്യങ്ങളിൽ സി.ബി.എസ്.ഇ പരീക്ഷ നടത്തേണ്ടതില്ലെന്ന് ബോർഡ് നേരത്തേ തീരുമാനിച്ചിരുന്നു.
യു.എ.ഇയിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വ്യക്തത നൽകാത്തതിനാൽ രക്ഷിതാക്കൾ ആശങ്കയിലായിരുന്നു. ഗൾഫ് നാടുകളിലെ സർക്കാറിെൻറ അനുമതി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും തീരുമാനമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, യു.എ.ഇ അധികൃതരിൽ നിന്ന് അനുമതി ലഭിക്കാൻ വൈകിയത് ഇവരുടെ ആശങ്ക ഇരട്ടിപ്പിച്ചു. പരീക്ഷ നടക്കുമോ എന്ന് വ്യക്തതയില്ലാത്തതിനാൽ വിദ്യാർഥികളും മാനസിക സംഘർഷത്തിലായി. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം, അഡെക്, കെ.എച്ച്.ഡി.എ, ദുബൈ ഗവൺമെൻറ്, ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി എന്നിവർ സംയുക്തമായിറക്കിയ നോട്ടിഫിക്കേഷനിലാണ് അനുമതി നൽകിയത്.
പരീക്ഷ നടത്തിപ്പിനുള്ള നിർദേശങ്ങൾ
പരീക്ഷക്ക് ഒരാഴ്ച മുൻപേ വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുമതി നേടണം (സ്കൂളുകൾ നേരത്തേ അപേക്ഷ നൽകിയതിനാൽ കുഴപ്പമില്ല). സ്കൂളിെൻറ ലൊക്കേഷൻ, കുട്ടികളുടെയും ജീവനക്കാരുടെയും എണ്ണം, മുൻകരുതൽ നടപടികൾ എന്നിവ വ്യക്തമാക്കണം
സ്കൂൾ ബസുകൾ അനുവദിക്കില്ല. രക്ഷിതാക്കളുടെയോ മറ്റോ വാഹനങ്ങളിൽ വിദ്യാർഥികളെ എത്തിക്കണം
സ്കൂളും പരിസരവും സമ്പൂർണമായി അണുവിമുക്തമാക്കണം.
എല്ലാ വിദ്യാർഥികളും ജീവനക്കാരും മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. ആവശ്യമെങ്കിൽ കൂടുതൽ മാസ്കും ഗ്ലൗസും കരുതണം
സ്കൂൾ പ്രവേശന കവാടത്തിലും ഒാരോ പരീക്ഷമുറികളിലും ഹാൻഡ് സാനിറ്റൈസർ സജ്ജീകരിക്കണം
കുട്ടികൾക്ക് പേനയോ മറ്റ് ഉപകരണങ്ങളോ ആവശ്യമായി വന്നാൽ സ്കൂൾ അധികൃതർ നൽകണം. അവരുടെ കൈവശമുള്ള വസ്തുക്കൾ പരസ്പരം കൈമാറാൻ അനുവദിക്കരുത്
*കുട്ടികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവൂം വീട്ടിൽനിന്ന് കൊടുത്തയക്കണം
ഒരു ക്ലാസിൽ 30 ശതമാനത്തിൽ കൂടുതൽ കുട്ടികളെ ഇരുത്തരുത്
മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കണം
കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നടപടിയെടുക്കണം
ഡോക്ടർ, നഴ്സ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം എല്ലാ സ്കൂളുകളിലും സജ്ജമായിരിക്കണം
ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയത്തിെൻറ നിർദേശങ്ങളെല്ലാം സ്കൂളിനും ബാധകമായിരിക്കും.
ആർക്കെങ്കിലും കോവിഡ് 19 സ്ഥിരീകരിക്കുകയോ സംശയം തോന്നുകയോ ചെയ്താൽ റിപ്പോർട്ട് ചെയ്യണം
പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് അളക്കാനുള്ള ഉപകരണം സജ്ജമാക്കണം
വിദ്യാർഥികൾ എത്തുന്നതിന് മുമ്പും അവർ േപായ ശേഷവും പരീക്ഷ ഹാളുകളും ഫർണിച്ചറുകളും അണുവിമുക്തമാക്കണം
സ്കൂളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വിത്യസ്ത വാതിലുകൾ ക്രമീകരിക്കണം
പരീക്ഷാർഥികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. ഇതിന് പ്രത്യേകം മാർക്ക് ചെയ്യണം
ആവശ്യമായ ശുചിമുറികൾ ക്രമീകരിക്കണം. ഇവ കൃത്യമായി ശുചീകരണിക്കണം
വിദ്യാർഥികൾക്ക് ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ സ്കൂളുകൾ നൽകണം
രോഗലക്ഷണമുള്ളവരെ മാറ്റാനായി പ്രത്യേക റൂം സജ്ജീകരിക്കണം
സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും കുട്ടികളും ഫോണുകളിൽ ‘അൽഹൊസ്ൻ’ (ALHOSN UAE) ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം
സ്കൂൾ ഗേറ്റിന് മുന്നിൽ രക്ഷിതാക്കൾ കൂട്ടം കൂടുന്നതിന് അനുവദിക്കരുത്
നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവരല്ലാത്തവർ ലിഫ്റ്റ് ഉപയോഗിക്കരുത്
എല്ലാ വിദ്യാർഥികളും ജീവനക്കാരും സന്ദർശകരും ഹെൽത്ത് ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ച് നൽകണം. 14 ദിവസത്തിനിടെയുള്ള യാത്രാ വിവരങ്ങളും നൽകണം
തെറ്റായ വിവരങ്ങൾ നൽകിയാൽ അയോഗ്യരാക്കും. നിയമ നടപടികളും നേരിടേണ്ടി വരും
രോഗലക്ഷണമുള്ളവരെ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കരുത്
ഇവരുമായി ബന്ധമുള്ളവരെയും ക്വാറൻറീനിലാക്കണം
വിദ്യാർഥികൾ ഇടപഴകുന്നത് ഒഴിവാക്കണം
പരീക്ഷ കഴിഞ്ഞാൽ ഉടൻ വീടുകളിലേക്ക് തിരിക്കണം
യു.എ.ഇയിൽ 1584 കുട്ടികൾ
ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയിൽ മാത്രമാണ് കേരള സിലബസിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നത്. ഇവിടെ മാത്രം 1584 കുട്ടികൾ പരീക്ഷയെഴുതുന്നുണ്ട്. 603 കുട്ടികൾ എസ്.എസ്.എൽ.സിയും 490 കുട്ടികൾ പ്ലസ് വണ്ണും 491 കുട്ടികൾ പ്ലസ് ടു പരീക്ഷയും എഴുതുന്നു.
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത് അബൂദബി മോഡൽ സ്കൂളിലാണ്. ഇവിടെ 166 കുട്ടികൾ എസ്.എസ്.എൽ.സി, 87 പേർ പ്ലസ് വൺ, 84 പേർ പ്ലസ് ടു പരീക്ഷ എഴുതുന്നുണ്ട്.
യു.എ.ഇയിൽ ഒമ്പത് സ്കുളുകളിലാണ് കേരള സിലബസുള്ളത്. ദുബൈ (രണ്ട്), ഉമ്മുൽ ഖുവൈൻ (രണ്ട്), അബൂദബി (ഒന്ന്), ഷാർജ (ഒന്ന്), അൽ െഎൻ (ഒന്ന്), റാസൽ ഖൈമ (ഒന്ന്), ഫുജൈറ (ഒന്ന്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.