ദുബൈ സെൻറ് മേരീസ് കാത്തലിക് ചർച്ച് തിങ്കളാഴ്ച തുറക്കും
text_fieldsദുബൈ: മലയാളികൾ അടക്കം നിരവധി ക്രിസ്തീയ വിശ്വാസികളുടെ ആരാധന കേന്ദ്രമായ ഊദ്മേത്തയിലെ സെൻറ് മേരീസ് കാത്തലിക് ചർച്ച് തിങ്കളാഴ്ച മുതൽ വിശ്വാസികൾക്കായി തുറക്കും. ചർച്ചിെൻറ വെബ്സൈറ്റിലൂടെ പള്ളി വികാരി ഫാ. ലെന്നി കോന്നുള്ളിയാണ് ഇക്കാര്യം അറിയിച്ചത്. ദിവസവും രണ്ട് നേരമാണ് പ്രാർഥനക്കായി തുറന്നുകൊടുക്കുക. കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റിയുടെ (സി.ഡി.എ) അനുമതി ലഭിച്ചതോടെയാണ് പള്ളി തുറക്കുന്നത്. പള്ളിയിലെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാവിലെ 6.30നും വൈകീട്ട് ഏഴിനുമാണ് പ്രാർഥന സമയം. മറ്റ് സമയങ്ങളിൽ പള്ളി അടഞ്ഞുകിടക്കും. പള്ളിയുടെ ശേഷിയുടെ 30 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഏകദേശം 250 പേർക്ക് ഒരേസമയം പള്ളിക്കുള്ളിൽ പ്രവേശിക്കാം. ചർച്ചിെൻറ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് വേണം എത്താൻ. രജിസ്റ്റർ ചെയ്തവർ 30 മിനിറ്റ് മുമ്പ് എത്തി തെർമൽ സ്കാനിങ്ങിന് വിധേയരാവണം. 60 വയസ്സിന് മുകളിലുള്ളവരും 12 വയസ്സിൽ താഴെയുള്ളവരും രോഗലക്ഷണമുള്ളവരും സന്ദർശനം ഒഴിവാക്കണം. കുർബാനയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.
പള്ളിയിലെത്തുന്നവർ മൊബൈലിൽ അൽ ഹൊസ്ൻ (Al Hosn) ആപ് ഡൗൺലോഡ് ചെയ്യണം. മുഴുവൻ സമയവും ഫേസ്മാസ്ക്കും ഗ്ലൗസും നിർബന്ധം. ചർച്ചിെൻറ മറ്റ് ഭാഗങ്ങൾ സന്ദർശിക്കാനോ കൂട്ടം ചേരാനോ അനുവദിക്കില്ല. കാൻറീനും ടോയ്ലറ്റും അടഞ്ഞുകിടക്കും. പള്ളിക്കുള്ളിൽ ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. സർക്കാറിൽ നിന്ന് ലഭിച്ച നിർദേശങ്ങളാണിതെന്നും വിശ്വാസികൾ കൃത്യമായി പാലിക്കണമെന്നും ഫാ. ലെന്നി ഓർമപ്പെടുത്തി. കഴിഞ്ഞ മാർച്ചിലാണ് പള്ളി അടച്ചത്. യു.എ.ഇയിൽ കോവിഡ് എത്തിയിട്ട് ഒരുവർഷം പൂർത്തിയാകുന്ന ദിവസമാണ് പള്ളി തുറക്കുന്ന പ്രഖ്യാപനമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.