ആഘോഷമായി സെന്റ് തോമസ് പള്ളിയിലെ കൊയ്ത്തുത്സവം
text_fieldsദുബൈ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഈ വർഷത്തെ കൊയ്ത്തുത്സവവും കുടുംബസംഗമവും നടന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല, സിനിമ താരം മനോജ് കെ. ജയൻ എന്നിവർ വിശിഷ്ടാതിഥികളായി. ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക് ജോൺ, ഇടവകവികാരി ഫാ. ബിനീഷ് ബാബു, അസിസ്റ്റന്റ് വികാരി ഫാ. ജാക്സൺ എം. ജോൺ എന്നിവർ സംസാരിച്ചു.
നാടൻ ഭക്ഷണവിഭവങ്ങൾ അടങ്ങിയ ഫുഡ് കൗണ്ടർ സ്റ്റാൾ ഉദ്ഘാടനം പാചകവിദഗ്ധൻ ഷെഫ് സുരേഷ് പിള്ള നിർവഹിച്ചു. ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ദ്വിദിമോസ് ബാവാ സ്മാരക അൺസങ് ഹീറോ അവാർഡ് എസ്. കൺമണിക്ക് സഞ്ജയ് സുധീർ സമ്മാനിച്ചു. മംഗളപത്രം ഇടവക സെക്രട്ടറി ബിജു സി. ജോണും കാഷ് അവാർഡ് ഇടവക ട്രസ്റ്റി ഡോ. ഷാജി കൊച്ചുകുട്ടിയും സമർപ്പിച്ചു.
ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം മലങ്കര സഭയിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ പരിശുദ്ധ വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് കാർഷിക അവാർഡ് അതിൻ തോമസിന് എം.എ. യൂസഫലി സമ്മാനിച്ചു. ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജീൻ ജോഷ്വാ സ്വാഗതവും ജോയന്റ് കൺവീനർ ബിജുമോൻ കുഞ്ഞച്ചൻ നന്ദിയും പറഞ്ഞു.
ഗായകരായ അക്ബർ ഖാൻ, പുണ്യ പ്രദീപ്, ഭാരത് സജികുമാർ, അശ്വിൻ വിജയൻ എന്നിവരുടെ സംഗീത വിരുന്നും മെന്റലിസ്റ്റ് അനന്തുവിന്റെ പ്രകടനവും ഹാർവെസ്റ്റ് ഫെസ്റ്റിവലിന് കൊഴുപ്പേകി. കുട്ടികൾക്കായി ഗെയിം സോൺ, വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.