സ്റ്റാൻ അറിഞ്ഞില്ല; അതൊരു 'കോടീശ്വരെൻറ' പഴ്സായിരുന്നു
text_fieldsറോണാൾഡ് ബെൽതസർ,സ്റ്റാൻ ആൻറണി
ദുബൈ: മുസഫയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിന് സമീപത്തു നിന്ന് വീണുകിട്ടിയ പഴ്സ് ഉടമയെ തിരിച്ചേൽപിച്ചപ്പോൾ എറണാകുളം ഞാറക്കൽ സ്വദേശി സ്റ്റാൻ ആൻറണി അറിഞ്ഞിരുന്നില്ല അതൊരു 'കോടീശ്വരെൻറ' പഴ്സ് ആണെന്ന്. രണ്ട് ദിവസം കഴിഞ്ഞ് മാധ്യമങ്ങളിൽ ചിത്രം കണ്ടപ്പോഴാണ് താൻ പഴ്സ് കൈമാറിയയാൾ ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായ കഥ സ്റ്റാൻ അറിയുന്നത്.
അബൂദബിയിൽ എൻജിനീയറായ സ്റ്റാൻ മുസഫയിൽ കോവിഡ് പരിശോധനക്കെത്തിയപ്പോഴാണ് പഴ്സ് കളഞ്ഞ് കിട്ടിയത്. രാത്രി എട്ടിനായിരുന്നു സംഭവം. പഴ്സ് തുറന്നുനോക്കിയപ്പോൾ പണമൊന്നുമില്ല. കുറച്ച് കാർഡുകളുണ്ട്. ഫിലിപ്പൈൻസിലേക്ക് എക്സ്ചേഞ്ച് വഴി പണം അയച്ച രസീത് കണ്ടപ്പോൾ സ്റ്റാൻ ഉറപ്പിച്ചു പഴ്സ് ഫിലിപ്പീനിയുടേതാണെന്ന്. രസീതിലെ ഫോൺ നമ്പറിൽ വിളിച്ചു. മറുതലക്കൽ ഡെലിവെറി ബോയി ആയ ഫിലിപ്പൈൻ സ്വദേശി റോണാൾഡ് ബെൽതസറിെൻറ ശബ്ദം. ഉച്ചക്ക് കോവിഡ് പരിശോധനക്ക് വന്നപ്പോൾ വീണുപോയതാണ് പഴ്സ്. നേരിട്ടെത്തിയാൽ തിരിച്ച് നൽകാമെന്ന് സ്റ്റാൻ അറിയിച്ചു.
അൽവാദാ മാളിന് സമീമായിരുന്നു കൂടിക്കാഴ്ച. േകക്ക് ഷോപിലെ ഡെലിവറി ബോയ് ആയ 38 കാരൻ ഫിലിപ്പൈനി നന്ദിയോടെ പഴ്സ് ഏറ്റുവാങ്ങി. നന്ദി സൂചകമായി താൻ ജോലി ചെയ്യുന്ന കേക്ക് ഷോപ്പിലെ ഒരു കേക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും സ്റ്റാൻ നിരസിച്ചു. എന്നാൽ, ലൊക്കേഷൻ അയക്കണമെന്നും കേക്ക് എത്തിക്കാമെന്നും പറഞ്ഞ് ഇരുവരും മടങ്ങി.
രണ്ട് ദിവസത്തിന് ശേഷം ഇംഗ്ലീഷ് പത്രം വായിക്കുന്നതിനിടെയാണ് സ്റ്റാനിെൻറ കണ്ണ് പെട്ടെന്നൊരു ചിത്രത്തിൽ ഉടക്കിയത്. രണ്ട് ദിവസം മുൻപ് പഴ്സ് നൽകിയ റോണാൾഡ് ബെൽതസർ. അയാൾക്ക് പത്ത് ലക്ഷം ദിർഹമിെൻറ (രണ്ട് കോടി രൂപ) ഭാഗ്യ സമ്മാനം അടിച്ചിരിക്കുന്നു. യു.എ.ഇയില ഏക അംഗീകൃത ഡിജിറ്റൽ തത്സമയ നറുക്കെടുപ്പായ മഹ്സൂസിെൻറ രണ്ടാം സമ്മാനമാണ് റൊണാൾഡിനെ തേടിയെത്തിയിരിക്കുന്നത്. താൻ പഴ്സ് കൈമാറിയ ഡെലിവറി ബോയ് ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായത് അപ്പോഴാണ് സ്റ്റാൻ അറിയുന്നത്. ഉടൻ റൊണാൾഡിനെ ഉടൻ വിളിച്ച് സംഭവം സത്യമാണെന്ന് ഉറപ്പിച്ച സ്റ്റാൻ അവനോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ 'ആ കേക്ക്. അതെനിക്ക് വേണം'. മറ്റൊരു ജോലി ലഭിച്ച് യു.എ.ഇയിൽ നിന്ന് സൗദിക്ക് ചേക്കേറാനൊരുങ്ങുവെയാണ് സ്റ്റാനിനെ തേടി ഇങ്ങനൊരു ഭാഗ്യ കഥ എത്തിയത്. കിട്ടിയ തുക കൊണ്ട് അമ്മയുടെ ആഗ്രഹം പോലൊരു വീട് പണിയാനാണ് റൊണാൾഡിെൻറ പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.