ഷാർജയിലെ നക്ഷത്ര ബംഗ്ലാവ്
text_fieldsജ്യോതിശാസ്ത്രത്തെയും ആകാശത്തിെൻറ രാത്രി വിസ്മയങ്ങളെയും ഗ്രഹങ്ങളുടെ സഞ്ചാര പഥങ്ങളെയും കുറിച്ച് അറിവുപകരുന്ന നക്ഷത്ര ബംഗ്ലാവുണ്ട് ഷാർജയിൽ. ഷാർജ സർവകലാശാല വളപ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ നക്ഷത്ര കൊട്ടാരം നാവിഗേഷനെ കുറിച്ചുള്ള അറിവിെൻറ പുതിയ ജാലകങ്ങൾ തുറന്നിടുന്നതാണ്.
നമ്മുടെ പ്രപഞ്ചം ആയിരക്കണക്കിന് വർഷങ്ങളായി തത്ത്വചിന്തകരെയും ശാസ്ത്രജ്ഞരെയും ആശയക്കുഴപ്പത്തിലാക്കിയ ശാസ്ത്രീയവും ജ്യാമിതീയവുമായ അത്ഭുതങ്ങളാൽ സമൃദ്ധമാണ്. മഹാവിസ്ഫോടനം മുതൽ നക്ഷത്രങ്ങൾ, താരാപഥങ്ങൾ, സൗരയൂഥം എന്നിവയുടെ രൂപവത്കരണത്തിലേക്കും അവസാനം അതിെൻറ അന്തിമ ലക്ഷ്യസ്ഥാനത്തിലേക്കും പ്രപഞ്ചം എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിനെ കുറിച്ച് ഖുർആൻ വ്യക്തമായി പറയുന്ന പാഠങ്ങൾ ബംഗ്ലാവ് പഠിപ്പിച്ചുതരും.
ഒപ്റ്റിക്കൽ, ഇലക്ട്രോ-മെക്കാനിക്കൽ സാങ്കേതികവിദ്യ, സ്ലൈഡ് പ്രൊജക്ടർ, വീഡിയോ, ഫുൾഡോം പ്രൊജക്ടർ സംവിധാനങ്ങൾ, ലേസർ എന്നിവ സംയോജിപ്പിച്ച് കൃത്യതയോടെ രൂപകൽപ്പന ചെയ്ത 'സ്റ്റാർ ബോളുകൾ' സൗരയൂഥത്തിെൻറ മാന്ത്രികത കടഞ്ഞെടുക്കുന്ന കാഴ്ച്ചകൾ സമ്മാനിക്കുന്നു.
200 പേർക്കിരുന്ന് ആകാശത്തിെൻറ ആഴത്തിലുള്ള അഴക് ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണ് നക്ഷത്ര ബംഗ്ലാവ് സമ്മാനിക്കുന്നത്. ജ്വലിച്ച് നിൽക്കുന്ന സൂര്യെൻറ തനത് അഴകിൽ തീർത്ത ഈ കൊട്ടാരത്തിനകത്തേക്ക് പ്രവേശിച്ചാൽ ഭൂമിയുമായുള്ള എല്ലാബന്ധങ്ങളും അറ്റുപോകുന്നു. ഗോളങ്ങളുടെ സഞ്ചാരപാതകളിലൂടെ ഉൽക്കകളുടെ സ്ഫോടനങ്ങൾക്കിടയിലൂടെ വഴിയറിയാതെ സന്ദർശകർ നടന്നു നീങ്ങുന്നു.
18 മീറ്ററിലധികം വ്യാസമുള്ള ഒരു താഴികക്കുടത്തിനകത്താണ് സൗരയൂഥത്തിെൻറ അഭൌമ സൗന്ദര്യം ചിറക് വിരിക്കുന്നത്. ഉയർന്ന കൃത്യതയുള്ള ഡിജിറ്റൽ പ്രൊജക്ടറുകളും ഏകദേശം 10 ദശലക്ഷം ആകാശഗോളങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്ന ഏറ്റവും നൂതനമായ മെഗാസ്റ്റാർ പ്രൊജക്ടറും ഉൾക്കൊള്ളുന്ന ഈ ബംഗ്ലാവിൽ കോസ്മിക് ഷോകളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഏറ്റവും നൂതനമായ സോഫ്റ്റ്‌വെയറുകളിലൊന്നായ യൂനിവ്യൂവാണ് നക്ഷത്രങ്ങളുടെ ലോകത്തിലേക്ക് സന്ദർശകരെ കൂട്ടി കൊണ്ടുപോകുന്നത്. തിളങ്ങുന്ന വളയങ്ങളുള്ള ശനിയും ശുദ്ധമായ നിറങ്ങളുള്ള നെപ്റ്റ്യൂണും ഗൈഡുകളായി കൂടെയുണ്ടാകും.
ബ്ലൂ ഗാലക്സി, ഗ്രീൻ ഗാലക്സി, റെഡ് ഗാലക്സി, ഓറഞ്ച് ഗാലക്സി, എയർ പവർഡ് റോക്കറ്റ് ചലഞ്ച്, ഫാൻ-പവർഡ് എഞ്ചിനുകൾ അല്ലെങ്കിൽ റോക്കറ്റുകൾ, ഡോക്കിങ് കുസൃതി, മൂൺ ലാൻഡിങ് ചലഞ്ച്, ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ, പ്രപഞ്ചത്തിെൻറ ഗ്രാഫിക്കൽ കഥ തുടങ്ങിയവ നമ്മുടെ മുന്നിലെത്തി നിൽക്കും. പ്രപഞ്ചത്തെ ആവിഷ്ക്കരിക്കുന്ന സിനിമകളും കാണാനുള്ള അവസരമുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ബംഗ്ലാവ് പ്രവർത്തിക്കില്ല. ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 11.30 മുതൽ ഉച്ചക്ക് 1.30 വരെയും ശനിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെയുമാണ് പ്രവർത്തനം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും 065166000 എന്ന നമ്പറിൽ ബന്ധപ്പെടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.