പ്ലസ് ടു പരീക്ഷക്ക് തുടക്കം; എളുപ്പമായിരുന്നെന്ന് വിദ്യാർഥികൾ
text_fieldsദുബൈ: യു.എ.ഇയിലും പ്ലസ് ടു പരീക്ഷക്ക് തുടക്കം. ആദ്യ പരീക്ഷ എളുപ്പമായിരുന്നെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. കെമിസ്ട്രിയും ബിസിനസ് സ്റ്റഡീസുമായിരുന്നു ആദ്യദിനം. കോവിഡിെൻറ പശ്ചാത്തലത്തിൽ ചോദ്യപേപ്പർ തയാറാക്കിയത് പ്രത്യേക പാറ്റേണിലായിരുന്നതിനാൽ വിദ്യാർഥികൾക്ക് കൂടുതൽ ചോയ്സുണ്ടായിരുന്നു. എല്ലാ വർഷത്തേക്കാളും കൂടുതൽ മാർക്ക് ഇക്കുറി പ്രതീക്ഷിക്കുന്നതായി അധ്യാപകരും അഭിപ്രായപ്പെട്ടു.
അതേസമയം, അവസാനവട്ട പരിശോധനയിൽ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ചില വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനായില്ല. പരീക്ഷക്ക് 96 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പരിശോധന ഫലത്തിൽ നെഗറ്റിവാകുന്ന കുട്ടികൾക്കു മാത്രമാണ് പരീക്ഷ എഴുതാൻ അനുമതി നൽകുന്നത്. എന്നാൽ, ഈ പരിശോധനയിലാണ് ചില കുട്ടികളുടെ ഫലം പോസിറ്റിവായത്. അബൂദബി മോഡൽ സ്കൂളിൽ മാത്രം മൂന്നു കുട്ടികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. ഇവരുടെ അടുത്ത പരീക്ഷകളും മുടങ്ങും. പരീക്ഷഫലം വന്നതിനു ശേഷം ഇവർക്ക് സേ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. ദുബൈയിൽ പരീക്ഷ സെൻററുണ്ടാവും.
491 കുട്ടികളാണ് പ്ലസ് ടുവിന് യു.എ.ഇയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഏറ്റവും കൂടുതൽ അബൂദബി മോഡൽ സ്കൂളിലായിരുന്നു; 83 പേർ. ഇതിൽ മൂന്നുപേർക്ക് പരീക്ഷ നഷ്ടമായി. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 95, ഗൾഫ് മോഡൽ സ്കൂൾ 77, അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 15, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 42, റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ 58, ഫുജൈറ ഇന്ത്യൻ സ്കൂളിൽ 63, ഉമ്മുൽഖുവൈനിലെ ദ ഇംഗ്ലീഷ് സ്കൂൾ 58 എന്നിങ്ങനെയാണ് വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവിധ എമിറേറ്റുകളിലായി എട്ട് സെൻററുകളാണ് പ്ലസ് ടു പരീക്ഷക്കുള്ളത്. ദുബൈയിൽ രണ്ട് കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഉമ്മുൽ ഖുവൈൻ, ഷാർജ, അബൂദബി, ഫുജൈറ, റാസൽഖൈമ, അജ്മാൻ എമിറേറ്റുകളിൽ ഓരോ പരീക്ഷ സെൻററുകളുമുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയാണ് പരീക്ഷക്ക് നിയോഗിച്ചിരുന്നത്. സാമൂഹിക അകലം പാലിച്ചായിരുന്നു ക്ലാസ് റൂമുകൾ സജ്ജീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.