സുരക്ഷിത ഷോപ്പിങ്ങൊരുക്കി വ്യാപാരമേളക്ക് തുടക്കം
text_fieldsഷാർജ: മഹാമാരിയെ പടിക്കുപുറത്തുനിർത്തി ഷാർജ എക്സ്പോ സെൻററിൽ വ്യാപാരമേളക്ക് തുടക്കം. സാമൂഹിക അകലം പാലിച്ച് സുരക്ഷിത ഷോപ്പിങ് ഒരുക്കിയിരിക്കുന്ന എക്സ്പോ സെൻററിലേക്ക് ആദ്യ ദിനം തന്നെ നൂറുകണക്കിനാളുകളാണ് എത്തിയത്. പ്രതിസന്ധിയിൽനിന്ന് രാജ്യം ഉയർത്തെഴുന്നേൽക്കുന്നുവെന്ന വ്യക്തമായ സൂചന നൽകിയാണ് 'ബിഗ്ഷോപ്പർ സെയിലിൽ' കച്ചവടം പൊടിപൊടിക്കുന്നത്. ഏറ്റവും പുതിയ ട്രെൻറിൽപെട്ട വസ്ത്രങ്ങൾ, ഫുട്വെയേഴ്സ്, പെർഫ്യൂം, സൗന്ദര്യ വർധക വസ്തുക്കൾ, ഇലക്ട്രോണിക്സ്, ആകസസറീസ്, വീട്ടുപകരണങ്ങൾ തുടങ്ങിയവയെല്ലാം വിലക്കിഴിവോടെ വ്യാപാര മേളയിൽ എത്തിയിട്ടുണ്ട്. നൂറിലധികം ബ്രാൻഡുകളുടെ ഉൽപന്നങ്ങളും വിൽപനക്കെത്തിയിരിക്കുന്നു. കുട്ടികളുടെ ബ്രാൻഡഡ് പാദരക്ഷകൾ 49 ദിർഹം മുതലും മുതിർന്നവരുടേത് 69 ദിർഹം മുതലും ലഭ്യമാണ്.
10 ദിർഹം മുതൽ ഫാഷൻ ഉൽപന്നങ്ങൾ പ്രദർശന വേദിയിലുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിച്ചതിലും മുകളിലാണ് സന്ദർശകരുടെ വരവെന്ന് മേളയുടെ മുഖ്യപങ്കാളിയായ ലിസ് എക്സിബിഷൻ ഓർഗനൈസേഴ്സ് ഡയറക്ടർ ജേക്കബ് വർഗീസ് പറഞ്ഞു. ഷോപ്പിങ്ങിന് വലിയൊരു ഇടവേള വന്നതിനാലാവാം സന്ദർശകർ കൂടുതൽ എത്താൻ കാരണം. സാമൂഹിക അകലം പാലിച്ച് പുറത്തിറങ്ങുന്നതിനോട് ജനങ്ങൾ പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച തുടങ്ങിയ പ്രദർശനം ഞായറാഴ്ച സമാപിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവേശന സമയം. പ്രവേശന ഫീസ് അഞ്ച് ദിർഹം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ്ങും സൗജന്യം. കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയ ശേഷം എക്സ്പോ സെൻററിൽ നടക്കുന്ന രണ്ടാമത്തെ പരിപാടിയാണിത്. കഴിഞ്ഞ മാസം നടന്ന ഇലക്ട്രോണിക്സ് എക്സിബിഷൻ 15,000ത്തോളം പേരാണ് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.