സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ: സർക്കാർ തീരുമാനം സ്വാഗതാർഹം -ഡോ. ആസാദ് മൂപ്പൻ
text_fieldsദുബൈ: ദുബൈയിൽ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ആരംഭിക്കാനുള്ള കേരള സർക്കാറിന്റെ ശ്രമത്തെ അഭിനന്ദിക്കുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ. യു.എ.ഇയിലെ എൻ.ആർ.ഐ സമൂഹത്തിന്, സമ്പദ്വ്യസ്ഥയുടെ വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ളതിനാൽ, കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിലുള്ള ഈ നൂതന സംരംഭം വിപുലീകരിക്കുന്നതിനുള്ള മികച്ച അവസരമാണിത്.
ദുബൈക്കും കേരളത്തിനും ഇത് വലിയ പ്രയോജനം ചെയ്യും. ചെറുകിട സംരംഭകർക്ക് രണ്ടു ലക്ഷ്യസ്ഥാനങ്ങളിൽ തങ്ങളുടെ ബിസിനസ് സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കും. സർക്കാർ പിന്തുണയോടെ സംസ്ഥാനത്ത് സ്റ്റാർട്ടപ് സംസ്കാരത്തിന് നേതൃത്വം നൽകിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. ഉയരങ്ങളിലേക്കു കുതിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് സമാന സ്ഥാപനങ്ങളുമായുള്ള ഇടപഴകലിലൂടെയും പരസ്പര സഹകരണത്തിലൂടെയും മുന്നേറാൻ ഈ ഉദ്യമം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ: യുവാക്കൾക്ക് വലിയ സാധ്യത -എം.എ. യൂസുഫലി
ദുബൈ: കേരളത്തിലെ യുവ തലമുറക്ക് ദുബൈയിലെ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്ററുകൾ വലിയ സാധ്യതയാണ് തുറന്നിടുന്നതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ എളുപ്പത്തിലാക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ നിക്ഷേപസാധ്യത വർധിപ്പിച്ചു.
കേരളത്തിലെ യുവാക്കൾ തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നത് വഴി കേരളം വൃദ്ധസദനമായി മാറുമോ എന്ന് ഭയപ്പെട്ടിരുന്നതായി പലരും ആശങ്കപ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേരളത്തിലെ ഐ.ടി കുതിപ്പ് അത് ഇല്ലാതാക്കി. സർക്കാർ ഐ.ടി സംരംഭങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതുവഴി മികച്ച വിദേശ നിക്ഷേപം കേരളത്തിലെത്തി എന്നും യൂസുഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.