നവലോകം തേടി സ്റ്റാർട്ട് അപ്പ് ഇന്ത്യ യു.എ.ഇയിലേക്കും
text_fieldsദുബൈ: നവസംരംഭകരെയും നൂതനാശയങ്ങളെയും കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ രൂപം നൽകിയ അഭിമാന പദ്ധതിയായ സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെ പ്രയാണം രാജ്യത്തിനു വെളിയിലേക്കും.
ഇന്ത്യയുമായി തലമുറകളായി വാണിജ്യ^സാംസ്കാരിക ബന്ധം സംരക്ഷിച്ചുപോരുന്ന യു.എ.ഇയിൽ നടത്തുന്ന സ്റ്റാർട്ട്അപ്പ് ഇന്ത്യ ഉച്ചകോടിയോടെയാണ് പദ്ധതി വിദേശ രാജ്യങ്ങളിലുമാരംഭിക്കുന്നത്.
ഇൗ മാസം 23,24 തീയതികളിൽ ദുബൈ, അബൂദബി എന്നിവിടങ്ങളിലാണ് സ്റ്റാർട്ട്അപ്പ് സമ്മിറ്റ് ഒരുക്കുകയെന്ന് ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ടു വർഷം കൊണ്ട് നൂറുകണക്കിന് സ്റ്റാർട്ട്അപ്പ് സംരംഭങ്ങളാണ് ഇന്ത്യയിൽ പിറവിയെടുത്തത്. ഗൾഫ് മേഖലയിൽ അനന്ത സാധ്യത ഉള്ള സോഫ്റ്റ്വെയർ, ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യ^സുരക്ഷാ മാനേജ്മെൻറ് തുടങ്ങിയ മേഖലയിലെ സംരംഭങ്ങൾക്ക് ലോകവിപണിയിൽ ഇടം കണ്ടെത്താൻ ഉച്ചകോടി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. െഎസ്പിരിറ്റ്, ടൈ ദുബൈ എന്നിവയുടെ പിന്തുണയോടെ 17 സംരംഭങ്ങളെയാണ് യു.എ.ഇയിൽ നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക.
ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്കും സംരംഭകർക്കും വിപണി ഗവേഷകർക്കും ആശയ വിനിമയത്തിനും വളർച്ചക്കും ഇതു തുണയാകുമെന്നും ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, െഎ.ബി.പി.ജി ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി, അബൂദബി ഗ്ലോബൽ മാർക്കറ്റ് എക്സി.ഡയറക്ടർ വൈ ലും ക്വോക്ക്, െഎ.ബി.പി.സി പ്രസിഡൻറ് ബിന്ദു സുരേഷ് ചേറ്റൂർ, ഷെഫാലി ജഷൻമാൽ, പ്രശാന്ത് ഗുലാത്തി എന്നിവർ വ്യക്തമാക്കി. 23ന് ദുബൈ എമിറേറ്റ്സ് ടവറിലെ ഗോഡോൾഫിൻ ബാൾറൂമിലും 24ന് അബൂദബി ഗ്ലോബൽ മാർക്കറ്റിലുമാണ് പരിപാടികൾ.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും http://startupindia.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.