പ്രവാസിക്ക് തലോടൽ; കണ്ണിൽപൊടിയിടൽ
text_fieldsദുബൈ: ഒരുവശത്ത് പ്രവാസികളെ തലോടുമ്പോൾ മറുവശത്ത് കണ്ണിൽപൊടിയിടുന്ന പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയത്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാമമാത്രമായ തുകയാണ് മാറ്റിവെച്ചിരിക്കുന്നത്.
മലയാളികളുടെ കഴിവും പ്രാപ്തിയും വിദേശത്ത് ചെലവഴിക്കാതെ കേരളത്തിൽ തന്നെ നിലനിർത്താൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ബജറ്റിൽ പരാമർശിക്കുന്നു. അതേസമയം, കേരള സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്ത ബജറ്റാണിതെന്ന് ഗൾഫിലെ സാമൂഹിക സംഘടനകളും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.
വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കാൻ നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് എന്ന പദ്ധതി നടപ്പാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. ഇതുവഴി ഓരോ പ്രവാസി തൊഴിലാളിക്കും 100 ദിനങ്ങൾ എന്ന കണക്കിൽ ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തി.
പ്രവാസി പുനരധിവാസത്തിനും നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കാനും 84.60 കോടി രൂപ മാറ്റിവെച്ചു. ‘നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺസ് എമിഗ്രൻസ്’ (എൻ.ഡി.പി.ആർ.ഇ.എം) എന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് 25 കോടി ചെലവഴിക്കും. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് ആകെ 50 കോടിയാണ് വകയിരുത്തിയത്. പ്രവാസി ഭദ്രത, പ്രവാസി ഭദ്രത മൈക്രോ, പ്രവാസി ഭദ്രത മെഗാ എന്നിങ്ങനെ മൂന്ന് വായ്പ പദ്ധതികളും നടപ്പാക്കും.
മടങ്ങിവരുന്ന പ്രവാസികൾക്കും മരിച്ച പ്രവാസികളുടെ ആശ്രിതർക്കും സമയബന്ധിതമായി ധനസഹായം നൽകാൻ ലക്ഷ്യമിട്ട് സാന്ത്വന പദ്ധതിക്കായി 33 കോടി മാറ്റിവെച്ചു.
കേരള നോൺ റസിഡന്റ് കേരളൈറ്റ്സ് വെൽഫയർ ഫണ്ട് ബോർഡ് മുഖേനയുള്ള ക്ഷേമപദ്ധതികൾക്ക് 15 കോടി, വിമാനത്താവളങ്ങളിൽ നോർക്ക എമർജൻസി ആംബുലൻസ് സേവനത്തിന് 60 ലക്ഷം രൂപ, ലോകകേരള സഭയുടെ ശിപാർശകൾ നടപ്പാക്കുന്നതിനും പ്രദേശിക യോഗങ്ങൾ നടത്തുന്നതിനും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെ ഓഫിസ് ചെലവുകൾ വഹിക്കുന്നതിനും 2.5 കോടി എന്നിങ്ങനെയും തുക വകയിരുത്തി.
തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്കയുമായി സഹകരിച്ച് നടപ്പാക്കിയ പി.ബി.എം.എസ് പദ്ധതിയിൽ 7907 സംരംഭകർക്കായി 374 കോടിയുടെ വായ്പ വിതരണം ചെയ്തു. വിമാന യാത്ര ചെലവ് കുറക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ ഓപറേറ്റർമാരുമായും ട്രാവൽ ഏജൻസികൾ, പ്രവാസി അസോസിയേഷനുകൾ എന്നിവയുമായും ചർച്ചകൾ നടത്തിയതായി മന്ത്രി പറയുന്നു.
വിമാന യാത്രക്കാരുടെ ആവശ്യങ്ങൾ സ്വരൂപിക്കുന്നതിന് പ്രത്യേക പോർട്ടൽ നടപ്പാക്കും. വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപറേറ്റർമാരിൽനിന്ന് സ്വീകരിക്കും. ചാർട്ടർ വിമാനങ്ങളുടെ ചെലവ് യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ നിലനിർത്തും.
ഇതിനായി പ്രാഥമികമായി 15 കോടിയുടെ കോർപസ് ഫണ്ട് രൂപവത്കരിക്കുമെന്നും ബജറ്റിൽ പറയുന്നു. എന്നാൽ, ചാർട്ടർ വിമാനം പോലുള്ളവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് എത്രത്തോളം പ്രായോഗികമാകുമെന്നതും ചോദ്യം ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.