ഷാർജ കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ ഫലസ്തീൻ അതിഥി രാജ്യം
text_fieldsഷാർജ: പതിനൊന്നാമത് ഷാർജ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ ആറു മുതൽ 12 വരെ സഹിയ സിറ്റി സെന്ററിലാണ് ചലച്ചിത്രോത്സവം നടക്കുക.
ഫലസ്തീനാണ് ഇത്തവണത്തെ അതിഥി രാജ്യം. സിംബാബ്വെ ആദ്യമായി പങ്കെടുക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 18 രാജ്യങ്ങളിൽ നിന്നുള്ള 98 സിനിമകൾ പുതിയ പതിപ്പിൽ പ്രദർശിപ്പിക്കും. പുതുതലമുറയിലെ ചലച്ചിത്ര പ്രവർത്തകരെ പിന്തുണക്കാനും സർഗാത്മക സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദി നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലും ശൈഖ് സുൽത്താന്റെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്സണുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയിലുമാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
ഫാൻ മീഡിയ ഡിസ്കവറി പ്ലാറ്റ്ഫോമാണ് സംഘാടകർ. ചലച്ചിത്രോത്സവത്തിൽ ഫലസ്തീൻ അതിഥി രാജ്യമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ശൈഖ ജവഹർ പറഞ്ഞു.
1920 മുതൽ അറബ് സിനിമയെ സ്വാധീനിച്ച ഫലസ്തീനെയും അതിന്റെ സിനിമകളുടെ സവിശേഷ ഗുണങ്ങളെയും ഈ വർഷം ആഘോഷിക്കും. ഫലസ്തീൻ ജനതയുടെ സ്പന്ദനത്തെ പ്രതിഫലിക്കുന്ന കലാസൃഷ്ടികളാണ് ഫലസ്തീൻ സിനിമകളെന്നും അവർ പറഞ്ഞു.
ഫലസ്തീൻ കൂടാതെ ഒമാൻ, ഈജിപ്ത്, ഫ്രാൻസ്, റഷ്യ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളും ഫെസ്റ്റിവലിൽ പങ്കെടുക്കും. പ്രമുഖ ഫലസ്തീൻ ഡയറക്ടർ ഉമർ അൽ റിമാൽ, ഈജിപ്ഷ്യൻ നടി യൂസ്റ, ഇമാറാത്തി നടി ജാബിർ നഗ്മോഷ്, കുവൈത്തി നടി സൗദ് അൽ അബ്ദുല്ല എന്നിവർ ഉൾപ്പെടെ യു.എ.ഇയിലെയും ജി.സി.സിയിലെയും പ്രമുഖർ അതിഥികളായി എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.