സാംക്രമികരോഗ ചികിത്സക്ക് ദുബൈയിൽ അത്യാധുനിക കേന്ദ്രമൊരുങ്ങി
text_fieldsദുബൈ: പകർച്ചവ്യാധി രോഗങ്ങൾ ചികിത്സിക്കുന്നതിന് പ്രത്യേകതയുള്ള ഹോസ്പിറ്റാലിറ്റി കെയർ സെൻറർ ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) തുറന്നു. ദുബൈ ഇൻഡസ്ട്രിയൽ സോണിലെ ഈ കേന്ദ്രം മൂന്ന് നിലകളിലായാണ് പൂർത്തീകരിച്ചിട്ടുള്ളത്.
കേന്ദ്രത്തിൽ കോവിഡ് -19 രോഗികളുടെ ചികിത്സക്കായി 88 പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക കേന്ദ്രത്തിൽ വളരെ സവിശേഷമായ ക്ലിനിക്കുകൾ, ഫാർമസി, ലബോറട്ടറി, റേഡിയോളജി, ഫോളോ-അപ് സേവനങ്ങൾ എന്നിവയുണ്ട്. കൂടാതെ ഏറ്റവും പുതിയ ക്രിട്ടിക്കൽ കെയർ ഉപകരണങ്ങളും സാങ്കേതികവിദ്യയും സജ്ജമാണ്. ആവശ്യമെങ്കിൽ 170 മുറികളിലേക്ക് ഇത് വികസിപ്പിക്കാനുള്ള സാധ്യത നിലനിർത്തിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 24x7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ഇതിനകം നിരവധി കോവിഡ് കേസുകൾ വന്നുതുടങ്ങിയിട്ടുണ്ട്. കേന്ദ്രം ആശുപത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ രോഗികൾക്ക് ഉയർന്ന നിലവാരമുള്ള പരിചരണം റാഷിദ് ആശുപത്രിയുടെ നടത്തിപ്പിലും മേൽനോട്ടത്തിലും ലഭിക്കും. ഉദ്ഘാടന വേളയിൽ, മാഹാമാരിയുടെ തുടക്കം മുതൽ ഈ വെല്ലുവിളിയെ നേരിടാൻ അതോറിറ്റിക്ക് അതിെൻറ എല്ലാ കഴിവുകളും വിനിയോഗിക്കാൻ കഴിഞ്ഞുവെന്നും ഏതെങ്കിലും സംഭവവികാസങ്ങൾ പ്രതീക്ഷിച്ച് മെഡിക്കൽ സൗകര്യങ്ങളുടെ ശേഷി വർധിപ്പിക്കാൻ പ്രവർത്തിച്ചിട്ടുണ്ടെന്നും ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമി ഉൗന്നിപ്പറഞ്ഞു.
ഭാവിയിൽ, ഇത് സാംക്രമിക രോഗങ്ങളെ ചികിത്സിക്കുന്നതിൽ വിദഗ്ധരായ ഒരു അന്താരാഷ്ട്ര കേന്ദ്രമായിരിക്കും. അതേസമയം റേഡിയോളജി, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ എന്നിവക്കുള്ള നൂതന ലബോറട്ടറിയും എപ്പിഡെമോളജിക്കൽ ഗവേഷണത്തിനും പഠനത്തിനുമുള്ള നൂതന കേന്ദ്രവുമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.