സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്: പ്രവാസി വിദ്യാർഥികൾക്ക് ക്ഷണം
text_fieldsദുബൈ: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യു.എ.ഇയിലെ സ്കൂളുകൾക്ക് ക്ഷണം. കേരള സ്റ്റേറ്റ് ബോർഡിന് കീഴിൽ കേരള സിലബസ് പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്കാണ് അവസരം.
ഇതാദ്യമായാണ് കേരള സർക്കാർ സംഘടിപ്പിക്കുന്നൊരു സ്കൂൾ സ്പോർട്സ് മീറ്റിൽ പങ്കെടുക്കാൻ യു.എ.ഇയിലെ സ്കൂളുകൾക്ക് അവസരം ലഭിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ കേരള സിലബസ് പിന്തുടരുന്ന ഏക രാജ്യം യു.എ.ഇ ആണ്. ഇത് പരിഗണിച്ചാണ് സ്പോർട്സ് മീറ്റിൽ യു.എ.ഇക്ക് അവസരം നൽകുന്നത്. കേരളത്തിലെ 15ാമത്തെ യൂനിറ്റ് എന്ന നിലയിലായിരിക്കും യു.എ.ഇയിലെ സ്കൂളുകളെ പരിഗണിക്കുക. നവംബർ നാല് മുതൽ 11 വരെ കൊച്ചിയിലാണ് മത്സരങ്ങൾ. ഒളിമ്പിക്സ് മാതൃകയിൽ നാലുവർഷം കൂടുമ്പോൾ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിക്കാനാണ് തീരുമാനം.
സ്കൂൾതലത്തിൽ നടത്തുന്ന മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ആയിരിക്കും യു.എ.ഇയെ പ്രതിനിധീകരിച്ച് നാട്ടിലേക്ക് അയക്കുക. പങ്കെടുക്കുന്ന കുട്ടികളുടെ യാത്ര ചെലവുകൾ അതത് സ്കൂൾതന്നെ വഹിക്കണം.
താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളായിരിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് വഹിക്കുകയെന്നാണ് സർക്കുലറിൽ അറിയിച്ചിരിക്കുന്നത്. നവംബർ നാലിന് കൊച്ചി ജവഹർ ലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. സർക്കാർ ക്ഷണം ലഭിച്ചതോടെ പരിശീലനങ്ങൾക്കും മറ്റുമായി അടുത്ത ഞായറാഴ്ച യു.എ.ഇയിലെ സ്കൂളുകളുടെ ക്ലസ്റ്റർ മീറ്റിങ് ഇന്ത്യൻ മോഡൽ സ്കൂളിൽവെച്ച് നടത്താനാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെ തീരുമാനം. വോളിബാൾ, ഫുട്ബാൾ, അത്ലറ്റിക് മത്സരങ്ങളിൽ യു.എ.ഇയിലെ കുട്ടികളെ പങ്കെടുപ്പിക്കാനാണ് ആലോചന. ഇതിനായുള്ള പരിശീലനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.
അതേസമയം, കേരളത്തിൽ നടന്നുവരുന്ന കായിക അധ്യാപകരുടെ പരിശീലനത്തിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇയിലെ സ്കൂൾ അധ്യാപകർ. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രവാസികളായ മലയാളി വിദ്യാർഥികൾക്ക് കേരളത്തിൽ നടക്കുന്ന സ്പോർട്സ് ഇവന്‍റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
കേരള സ്റ്റേറ്റ് സ്കൂൾ സ്പോർട്സ് മീറ്റിൽ വിജയിക്കുന്നവർക്ക് സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.ജി.എഫ്.ഐ) സംഘടിപ്പിക്കുന്ന സ്കൂൾ നാഷനൽ ഗെയിംസിൽ അവസരം ലഭിക്കുമെന്നതിനാൽ പ്രവാസി വിദ്യാർഥികൾക്ക് സർക്കാർ തീരുമാനം വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.