രാജ്യത്ത് ആദ്യ വെർട്ടിപോർട്ടിന് പ്രവർത്തനാനുമതി
text_fieldsദുബൈ: പറക്കും ടാക്സികൾക്കും മറ്റും ഉപയോഗിക്കാനുള്ള ആദ്യ വെർട്ടിപോർട്ടിന് രാജ്യത്ത് പ്രവർത്തനാനുമതിയായി. യു.എ.ഇ വ്യോമയാന അതോറിറ്റിയാണ് ചെറു പറക്കും വാഹനങ്ങൾ ടേക്ക് ഓഫിനും ലാൻഡിങ്ങിനും ഉപയോഗിക്കുന്ന വെർട്ടിപോർട്ടിന് അനുമതി നൽകിയിരിക്കുന്നത്. നൂതനമായ ഗതാഗത രീതികൾ വികസിപ്പിക്കുന്നതിന്റെ പാതയിൽ വളരെ സുപ്രധാനമായ ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സ്വയം നിയന്ത്രിത ടാക്സികളും ഡെലിവറി ഡ്രോണുകളും അടക്കം വിവിധ സംവിധാനങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ പദ്ധതികൾ രൂപപ്പെട്ടുവരുന്നുണ്ട്. ഇവക്ക് സാധാരണഗതിയിൽ വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന പരമ്പരാഗത വിമാനത്താവള റൺവേകൾ ആവശ്യമില്ല. പകരം ഉപയോഗിക്കുന്നതാണ് വെർട്ടിപോർട്ടുകൾ.
രാജ്യത്തെ വ്യോമ ഗതാഗത രംഗത്ത് ഏറ്റവും പുതിയ സംവിധാനങ്ങൾ രൂപപ്പെടുത്താനുള്ള യു.എ.ഇ വ്യോമയാന അതോറിറ്റിയുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് തീരുമാനമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. അബൂദബിയിൽ നടക്കുന്ന സ്വയം നിയന്ത്രിത വ്യോമഗതാഗത മേളയായ ‘ഡ്രിഫ്റ്റ് എക്സി’ലാണ് വെർട്ടിപോർട്ടിന് പ്രവർത്തനാനുമതി നൽകിയത് വെളിപ്പെടുത്തിയത്.
യു.എ.ഇയില്‍തന്നെ എയര്‍ടാക്സികള്‍ നിർമിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഹ്രസ്വദൂര എയര്‍ടാക്സികള്‍ നിർമിക്കാൻ യു.എസ് കമ്പനിയായ ഒഡീസ് ഏവിയേഷനാണ് രംഗത്തുവന്നിരുന്നത്. ഹ്രസ്വദൂര യാത്രകള്‍ക്കും ചെറിയ തോതിലുള്ള ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങള്‍ക്കുമായി രൂപകൽപന ചെയ്ത ഹൈബ്രിഡ്-ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനങ്ങളാണ് കമ്പനി പ്രത്യേകം നിർമിക്കാൻ ഒരുങ്ങുന്നത്. 2027ഓടെ ഇത് ആരംഭിച്ചേക്കും. ഹ്രസ്വദൂര എയര്‍ടാക്സികള്‍ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗമുണ്ടായിരിക്കും.
ദുബൈ നഗരത്തിൽ മൂന്നു വർഷത്തിനുള്ളിൽ ടാക്സികൾ പറന്നുതുടങ്ങുമെന്ന് ഫെബ്രുവരിയിൽ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വെളിപ്പെടുത്തിയിരുന്നു. ഇതിനായി വികസിപ്പിച്ചെടുത്ത ഏരിയൽ ടാക്സി വെർട്ടിപോർട്ടുകളുടെ മോഡലുകൾക്ക് വേൾഡ് ഗവൺമെന്റ് ഉച്ചകോടിയുടെ സന്ദർഭത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയിരുന്നു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുന്ന ആദ്യത്തെ ഏരിയൽ ടാക്സി വെർട്ടിപോർട്ടിന്റെ പ്രോട്ടോടൈപ് രൂപകൽപനക്കാണ് ശൈഖ് മുഹമ്മദ് അംഗീകാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.