ഗൃഹാതുര ഓര്‍മകള്‍ സമ്മാനിക്കുന്ന ജീവിത നാളം..
text_fieldsയു.എ.ഇയിലെ പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുര ഓര്‍മകള്‍ സമ്മാനിക്കുന്നതില്‍ ശ്രദ്ധേയമായ ഇടമാണ് വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമ. മരുഭൂമിയും കാലാവസ്ഥയും ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെ കൃഷി നിലങ്ങളും കടല്‍ തീരങ്ങളും മല നിരകളും തടയണകളുമെല്ലാം റാസല്‍ഖൈമയിലെയും നേര്‍ക്കാഴ്ച്ചകളാണ്. ഗള്‍ഫ് ‘മണ’മടിക്കാത്ത ഗ്രാമങ്ങളും നാടന്‍ മനുഷ്യരും പരമ്പരാഗത ജീവിത രീതികളാലും സമ്പന്നമാണ് റാസല്‍ഖൈമ. കൃഷിയും മാടു പരിചരണവുമായി ബന്ധപ്പെട്ട് കൃഷി നിലങ്ങള്‍, മരുഭൂ പ്രാന്ത പ്രദേശങ്ങള്‍, താഴ്വാരങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നിരവധിപേര്‍ ഇവിടെ വസിക്കുന്നുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പ് വരെ മലയാളികളുടെ സജീവ സാന്നിധ്യമുണ്ടായിരുന്ന മേഖലയിലിപ്പോള്‍ ഭൂരിഭാഗവും പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികളാണ് തൊഴിലെടുക്കുന്നത്. വൈദ്യുതിയും പാചക വാതകവും അടുക്കള കൈയടക്കുന്നതിന് മുമ്പത്തെ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ മേഖലയിലെ പാചക രീതികള്‍. ഇരുമ്പ് വീപ്പക്കകത്ത് വിറകും ഈന്തപ്പനയോലകളും കത്തിച്ച് റൊട്ടി ചുട്ടെടുക്കുന്ന രീതി കൗതുകം നിറക്കുന്നതാണ്. കറി പാകം ചെയ്യന്നതും സമീപത്തെ വിറക് അടുപ്പില്‍ തന്നെ. ഇവിടെ യഥേഷ്ടം വിറക് ലഭിക്കുന്നതിനാല്‍ ഈ രീതി തന്നെയാണ് പാചകത്തിന് എളുപ്പമെന്ന് റാക് ഹംറാനിയ കൃഷിയിടത്തിലെ തൊഴിലാളി ഇമായത്ത് പറയുന്നു. ഇതിലൂടെ ലഭിക്കുന്ന ചാരം കൃഷിയിടത്തില്‍ ഉപയോഗിക്കാമെന്ന ഗുണവുമുണ്ട്. ജനവാസ മേഖലയല്ലാത്തതിനാല്‍ സുരക്ഷാ ഭീഷണിയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.