ഊഷരതയില്‍ പൂത്തുലഞ്ഞ് കൊന്നപ്പൂവ്
text_fieldsഉമ്മുല്‍ഖുവൈന്‍: മലയാളികളുടെ ഗൃഹാതുര ഓര്‍മകൾ മറുനാട്ടിലെ ആഘോഷ വേളകളിലാണ് എന്നും പ്രകടമാകാറ്. ഇങ്ങിവിടെ ഉമ്മുല്‍ഖുവൈനിലെ ഊഷരതയില്‍ മനോഹരക്കാഴ്ചയായിരിക്കുകയാണ് മലയാളിയുടെ വിഷു ആഘോഷത്തിൽ ഒഴിച്ചു കൂടാന്‍ പറ്റാത്ത കണിക്കൊന്ന. ഒരു ജനപ്രിയ സസ്യമായ ഈ വൃക്ഷത്തിൽ വേനൽക്കാലത്ത് പൂക്കുന്ന സ്വർണ്ണ വര്‍ണ്ണം പൂശിയ പൂക്കളാണ് ഇതിനെ വിശേഷ പൂവ് ആക്കുന്നത്.
വിഷുക്കാലത്തെ സമൃദ്ധമാക്കുന്ന ശ്രേഷ്ഠ പുഷ്പം, കാലം തെറ്റി പൂത്തതിന്‍റെ കൗതുകത്തിലാണ് വൈറ്റ് ഷഅബിയയിലെ അരുണ്‍ രവീന്ദ്രനും കുടുംബവും. ചെടികളെ കൂട്ടുകാരാക്കിയ അരുണ്‍ കൊന്നയെ താലോലിച്ച് വളര്‍ത്തിയതിന്‍റെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ധാരാളം പൂക്കള്‍ ചില്ലകളില്‍ മരം സമ്മാനിച്ചു. ഷാര്‍ജ അക്വേറിയം 2017ല്‍ സന്ദര്‍ശിച്ചപ്പോള്‍ വിത്തെടുക്കാന്‍ പാകത്തിലുള്ള പയര്‍ ഒരു വമ്പന്‍ കൊന്നമരത്തില്‍ കണ്ടത് ആശ്ചര്യം ജനിപ്പിച്ചു. അക്വേറിയം പരിസരത്തെ കൊന്നയില്‍ നിന്നും കുറച്ച് അരി പിഴുതെടുത്ത് വിത്തിറക്കാന്‍ പാകപ്പെടുത്തി. കുറച്ചധികം വിത്തുകള്‍ നട്ടു നനച്ചതില്‍ ഒരെണ്ണത്തിന് മാത്രമാണ് മുളപൊട്ടിയത്. മുള പിന്നെ തളിരും ഇലയും തണ്ടുമൊക്കെയായി വളര്‍ന്ന് വലുതായി. അങ്ങിനെ ആറ്റുനോറ്റുണ്ടാക്കിയ കൊന്ന 2021 മെയ് മാസത്തില്‍ നിറയേ പൂവ് തന്നു.
സാധാരണ കൊന്ന തന്നെയാണെങ്കിലും കാലം ഭേദിച്ച് കൊന്ന പൂത്തുലഞ്ഞ് നില്‍ക്കുന്നത് അതിശയക്കാഴ്ചയായി പരിസര വാസികള്‍ക്ക്. ഋതു ഭേതങ്ങളിലും പൂക്കുന്ന മറ്റേതെങ്കിലും ഇനത്തില്‍ പെട്ടതാണോ ഈ മഞ്ഞപ്പൂമരം എന്നും സംശയമുണ്ട്. പതിവിന് വിപരീതമായി നിറവും തിളക്കവും ഉള്ള സവിശേഷ പൂവുകളാണ് മരം തരുന്നത്. ആദ്യമൊക്കെ വിഷുക്കണിക്കായി കുറച്ച് പൂക്കള്‍ വിഷുമാസത്തില്‍ തന്നെ മരം കനിയാറുണ്ടായിരുന്നു. എന്നാല്‍ ഈ കൊല്ലം ഒരിതള്‍ പോലും തരാതെ മെയ് മാസത്തിലേക്ക് അങ്ങ് നീട്ടിവെച്ചു. ശൈത്യം കുറച്ചധികം ഈ വര്‍ഷം നീണ്ട് നിന്നതിന്‍റെ സന്തോഷമാണോ അതോ ഉഷ്ണം കൂടിയതിന്‍റെ പിണക്കമാണോ ഇതിന് കാരണമെന്ന് അറിയില്ല. പൂജയ്ക്കും മറ്റുമൊക്കെ വിഷുക്കൊന്ന വിഷുമാസത്തിന് ശേഷവും ലഭ്യമാകുന്നു എന്നത് പൂവ് കാലം തെറ്റി പൂക്കുന്നതിന്‍റെ മറ്റൊരു സന്തോഷമായി അരുണ്‍ കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.