സ്വർണം ഇറക്കുമതിക്ക് കർശന നിയമം; ലംഘിച്ചാൽ വമ്പൻ പിഴ
text_fieldsദുബൈ: യു.എ.ഇയിൽ സ്വർണം ഇറക്കുമതിക്ക് കർശന നിയമങ്ങൾ വരുന്നു. അടുത്ത വർഷം ജനുവരി മുതലാണ് പുതിയ ചട്ടങ്ങൾ നിലവിൽ വരുക. രാജ്യത്ത് എത്തുന്ന സ്വർണത്തിന്റെ ഉറവിടം വ്യക്തമായിരിക്കണം എന്ന് നിർദേശിക്കുന്നതാണ് പുതിയ നിയമം. നിയമം ലംഘിച്ചാൽ അമ്പത് ലക്ഷം ദിർഹം വരെയാണ് പിഴ.
യു.എ.ഇയിൽ സ്വർണം ഇറക്കുമതി ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് സാമ്പത്തിക മന്ത്രാലയം പുതിയ നിയമം നടപ്പാക്കുന്നത്. അടുത്തവർഷം ജനുവരിയിൽ നിലവിൽ വരുന്ന നിയമപ്രകാരം രാജ്യത്ത് എത്തുന്ന സ്വർണം എവിടെ നിന്ന് വന്നു എന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ കമ്പനികൾക്കുണ്ടാകണം. നിയമം ലംഘിച്ചാൽ 50,000 ദിർഹം മുതൽ അമ്പത് ലക്ഷം ദിർഹം വരെയാണ് കമ്പനികൾക്ക് പിഴ ലഭിക്കുക.
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ വരുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ലക്ഷ്യമിടുന്ന മേഖലകളിൽ നിന്ന് സ്വർണം രാജ്യത്തേക്ക് കൊണ്ടുവരാൻ പാടില്ല. സ്വർണം ലഭിക്കുന്ന ഉറവിടത്തെ കുറിച്ചും അത് വിതരണം ചെയ്യുന്നവരെ കുറിച്ചും വ്യക്തമായ കെ.വൈ.സി വിവരങ്ങൾ യു.എ.ഇയിലെ സ്ഥാപനങ്ങൾ ശേഖരിച്ചിരിക്കണം.
28 സ്വർണ സംസ്കരണ സ്ഥാപനങ്ങളാണ് യു.എ.ഇയിൽ പ്രവർത്തിക്കുന്നത്. സ്വർണം എത്തിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നുണ്ട്. വാർഷികാടിസ്ഥാനത്തിൽ മന്ത്രാലയത്തിന് കമ്പനികൾ തങ്ങളുടെ വിതരണ ശൃംഖലകളെ കുറിച്ച വിശദമായ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണം. ഈ രംഗത്തെ അപകട സാധ്യതകൾ കുറിക്കാൻ വിശദമായ നിർദേശങ്ങളും പുതിയ നിയമം മുന്നോട്ടുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.