വ്യാജ ഉൽപന്നങ്ങൾക്കെതിരെ ദുബൈയിൽ ശക്തമായ നടപടി: പിടിച്ചെടുത്തത് 29,187 വാച്ചുകളും നാല് ലക്ഷം ഫേസ്മാസ്ക്കുകളും
text_fieldsദുബൈ: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലാഭം കൊയ്യുന്നതിനായി മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച നാലു ലക്ഷത്തോളം ഫേസ് മാസ്ക്കുകളും ഗ്ലൗസുകളും പ്രമുഖ ബ്രാൻഡുകളുടെ പേരിൽ പുറത്തിറക്കിയ വ്യാജ വാച്ചുകളും ദുബൈ പൊലീസ് പിടികൂടി. ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യകതയിലുള്ള വർധനവ് മുതലെടുത്ത് വിറ്റഴിക്കാൻ മൂന്ന് വില്ലകളിലായി സംഭരിച്ച വ്യാജ ഫേസ് മാസ്ക്കുകളും 25,000 ഗ്ലൗസുകളുടെ ശേഖരവും പ്രമുഖ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച 29,187 വ്യാജ വാച്ചുകളുമാണ് 2020ൽ ദുബൈയിൽ നിന്ന് പിടിച്ചെടുത്തതെന്ന് ദുബൈ പൊലീസിലെ ക്രിമിനൽ ഇൻവെസ്്റ്റിഗേഷൻ ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലഫ് പറഞ്ഞു.
ഇതോടൊപ്പം തന്നെ 25000ൽപരം ഗ്ലൗസുകളും കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയിരുന്നു. ഏഷ്യൻ രാജ്യത്ത് നിന്നുള്ള മൂന്നുപേരാണ് തട്ടിപ്പിന് പിന്നിലെന്നും വാട്സ് ആപ് വഴി വിൽപന നടത്തുകയായിരുന്നു സംഘത്തിെൻറ ഉദ്ദേശ്യമെന്നും ദുബൈ പൊലീസ് അറിയിച്ചു. മൂന്നു പേരെയും പൊലീസ് അറസ്്റ്റു ചെയ്തു. സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യകതയിലുണ്ടായ വർധനവാണ് അവസരവാദ തട്ടിപ്പുകാർ പ്രയോജനപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് ഉയർന്നുവന്ന പുതിയ ക്രിമിനൽ പ്രവണതയാണിത്. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ കണ്ടെത്താനും വിൽപന പരാജയപ്പെടുത്താനും ദുബൈ പൊലീസിന് കഴിഞ്ഞതായി ജമാൽ സാലിം അൽ ജല്ലഫ് ചൂണ്ടിക്കാട്ടി.
വ്യാജ ഉൽപന്നങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് 320 പേർ അറസ്്റ്റിലായതായും 250 വ്യാജ കേസുകൾ അന്വേഷിച്ചതായും 2.6 ബില്യൺ ദിർഹം മൂല്യം വരുന്ന വ്യാജ വസ്തുക്കൾ ഉൾപ്പെട്ടതായും സേനയുടെ സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വകുപ്പ് ഡയറക്ടർ കേണൽ ഒമർ ബിൻ ഹമദ് പറഞ്ഞു. 1.2 ബില്യൺ ദിർഹത്തിൽ കൂടുതൽ വിലമതിക്കുന്ന 29,187 വ്യാജ വാച്ചുകളാണ് 2020ൽ ദുബൈ പൊലീസ് നടത്തിയ റെയ്ഡുകളിലായി കണ്ടെടുത്തത്. കാർട്ടിയർ, ജുസി, റോളക്സ് തുടങ്ങിയ ബ്രാൻഡുകളുടെ പേരുകളിൽ വ്യാജമായി നിർമിച്ച് വിൽപന നടത്താനായിരുന്നു ശ്രമം.
കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിലും വ്യാജ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത് തടയുന്നതിനുമായി ദുബൈ സാമ്പത്തിക വികസന വകുപ്പുമായി ചേർന്നാണ് ദുബൈ പൊലീസ് ബില്യൺ കണക്കിന് ദിർഹം മൂല്യമുള്ള ഉൽപന്നങ്ങൾ കണ്ടെടുത്തതും കുറ്റവാളികളെ അറസ്്റ്റുചെയ്തതും. കോവിഡ് മാഹാമാരിക്കാലത്ത് അസാധാരണമായ സാഹചര്യങ്ങളിലും നൂറുകണക്കിന് കേസുകളാണ് ദുബൈ പൊലീസ് കൈകാര്യം ചെയ്തത്. വ്യവസായത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന എല്ലാ കമ്പനികൾക്കും സുരക്ഷിത നിക്ഷേപ അന്തരീക്ഷമൊരുക്കാനുള്ള ദുബൈയുടെ കാഴ്ചപ്പാടിെൻറ ഫലമായാണ് നിയമനടപടികൾ ശക്തമാക്കിയിട്ടുള്ളതെന്നും ദുബൈ പൊലീസ് അറിയിച്ചു.
2019ൽ ആകെ 297 കേസുകളിലായി 2.5 ബില്യൺ ദിർഹമിൽ കൂടുതലുള്ള വ്യാജ ഉൽപന്നങ്ങൾ ദുബൈ പൊലീസ് പിടികൂടിയിരുന്നു. ആഗോള ബ്രാൻഡുകളായ ആപ്പിൾ, ടൊയോട്ട, ലൂയി വ്യൂട്ടൺ എന്നിവയുടെ മറവിൽ വിൽക്കുന്ന വ്യാജ ഉൽപന്നങ്ങളും വ്യാജമായി നിർമിച്ച ലേഡീസ് ബാഗുകൾ, സൗന്ദര്യവർധക വസ്തുക്കൾ, വാഹന സ്പെയർ പാർട്സ്, ഇലക്ട്രോണിക്സ് എന്നിവയുമാണ് പ്രധാനമായും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.