വിദ്യാർഥിക്ക് മര്‍ദനം: മൂന്നു സഹപാഠികള്‍ക്ക് നല്ല നടപ്പ് ശിക്ഷ
text_fieldsറാസല്‍ഖൈമ: പതിനഞ്ചുകാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ഇരയുടെ സഹപാഠികളായ അറബ് വംശജരായ മൂന്നു കൗമാരക്കാര്‍ക്ക് നല്ല നടപ്പിന് ശിക്ഷ വിധിച്ച് റാക് കോടതി. 2025 ജനുവരി 13ന് റാസല്‍ഖൈമയിലെ ഒരു സ്കൂളിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരയെ 15നും 16നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ക്ലാസ് റൂമില്‍വെച്ച് ആക്രമിക്കുകയായിരുന്നു. മൂന്ന് പ്രതികളില്‍ ഒരാള്‍ ക്ലാസ് റൂമിന് അകത്തുവെച്ച് ഇരയെ ശാരീരികമായി മര്‍ദിക്കുകയും രണ്ടു വിദ്യാര്‍ഥികള്‍ ക്ലാസ് റൂമിന്റെ കതക് അടച്ച് ആക്രമണത്തിന് സൗകര്യമൊരുക്കിയെന്നതായിരുന്നു പ്രോസിക്യൂഷന് കേസ്.
മര്‍ദനത്തിനിരയായ വിദ്യാര്‍ഥിക്ക് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത വിധം പരിക്കേറ്റിരുന്നു. പിതാവ് വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയും പൊലീസിനും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നല്‍കുകയും ചെയ്തു. അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ ഇര തിരിച്ചറിഞ്ഞു.
പീഡനത്തിന്റെ രേഖകളും തെളിവുകളും സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററില്‍ ഇവർ സമര്‍പ്പിച്ചു. 24 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ റെക്കോര്‍ഡിങ്ങും പ്രതികള്‍ക്കെതിരായ തെളിവായി കോടതി പരിഗണിച്ചു. തുടർന്ന് കോടതി ആദ്യ ഘട്ടത്തില്‍ പ്രതികളെ ജുവനൈല്‍ ഹോമില്‍ തടവില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു.
എന്നാല്‍, ഇളവ് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച അപ്പീല്‍ സ്വീകരിച്ച കോടതി നിര്‍ബന്ധിത സാമൂഹിക സേവനമായി ശിക്ഷാ വിധി പരിഷ്കരിച്ചു. മുഖ്യ പ്രതിക്ക് മര്‍ദനത്തിനും രണ്ടും മൂന്നും പ്രതികള്‍ക്ക് ആക്രമണത്തിന് കൂട്ടു നിന്നതിനുമാണ് ശിക്ഷ. എമിറേറ്റ്സ് കള്‍ച്ചറല്‍ ആൻഡ് സ്പോര്‍ട്സ് ക്ലബില്‍ 48 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്യണമെന്നതാണ് ശിക്ഷാ വിധി. അധ്യയന വര്‍ഷാവസാനം വരെ വാരാന്ത്യ ഷിഫ്റ്റുകളില്‍ നാലു മണിക്കൂര്‍ വീതം പ്രതികള്‍ ശിക്ഷ അനുഭവിക്കും.
വിദ്യാര്‍ഥി സംഘര്‍ഷം: സമയോചിത ഇടപെടല്‍ അനിവാര്യം
റാസല്‍ഖൈമ: വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രശ്നങ്ങളില്‍ സമയോചിതമായ ഇടപെടല്‍ അനിവാര്യമെന്ന് അധികൃതര്‍. പതിനഞ്ചുകാരന് സഹപാഠികളുടെ അക്രമത്തിനിരയായ സംഭവത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതിനോടനുബന്ധിച്ച ശിപാര്‍ശയില്‍ സുരക്ഷിതമായ പഠന അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ അധ്യാപക-രക്ഷാകര്‍ത്താക്കളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പങ്ക് നിര്‍ണായകമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
കുറ്റവാളികള്‍ക്കിടയിലെ പ്രകോപനപരമായ പെരുമാറ്റത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുക, വിദ്യാര്‍ഥികളെ ശരിയായ ദിശയില്‍ നയിക്കുന്നതിന് കുടുംബങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സ്കൂളിനുള്ളില്‍ മികച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുക, ഇരയാകപ്പെടുന്നവര്‍ക്ക് കരുതലും മന$ശാസ്ത്ര കൗണ്‍സലിംഗും നല്‍കുക, സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബഹുമാനം, ആദരവ്, സുരക്ഷ തുടങ്ങിയവ വിഷയങ്ങളിലൂന്നി സാംസ്ക്കാരിക- സര്‍ഗാത്മക സദസ്സുകള്‍ സജീവമാക്കുക തുടങ്ങിയ ശിപാര്‍ശകളും അധികൃതര്‍ സമൂഹത്തിന് മുന്നില്‍ വെക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.