അവധിക്കാല പരിശീലനം; വിദ്യാർഥികൾക്ക് അപകടകരമായ ജോലിക്ക് വിലക്ക്
text_fieldsഅബൂദബി: അവധിക്കാലങ്ങളില്‍ കുട്ടികൾക്ക് പരിശീലനത്തിന്റെ പേരിൽ അപകടകരമായ ജോലി നൽകരുതെന്ന് സ്വകാര്യ കമ്പനികൾക്ക് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നിർദേശം നൽകി.ഭൂഗര്‍ഭ ഖനികള്‍, ക്വാറികള്‍, ഇരുമ്പ് ഉരുക്കുന്ന ഇടങ്ങള്‍, ബേക്കറി ഓവനുകള്‍, പെട്രോളിയം റിഫൈനറികള്‍, സിമന്റ് ഫാക്ടറികൾ, ശീതീകരണ പ്ലാന്റുകള്‍, വെല്‍ഡിങ് ജോലികള്‍ അടക്കം അപകട സാധ്യതയേറിയ 31 മേഖലകളിൽ വിദ്യാര്‍ഥികളെ നിയോഗിക്കുന്നതിനാണ് വിലക്ക്. വ്യവസായ പദ്ധതികളില്‍ വിദ്യാര്‍ഥികളെ രാത്രി കാലങ്ങളില്‍ പരിശീലനത്തിനോ ജോലിക്കോ നിയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ദിവസത്തില്‍ ആറുമണിക്കൂര്‍ മാത്രമായിരിക്കണം ജോലി. ഒന്നോ അതിലധികമോ ഇടവേളകളിലായി അവര്‍ക്ക് വിശ്രമം നല്‍കുകയും വേണം.
15 വയസ്സോ അതിലധികമോ പ്രായമുള്ള യു.എ.ഇ പൗരന്മാര്ക്കും പ്രവാസികള്‍ക്കുമാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയോ പരിശീലനമോ നേടാന്‍ നിയമം അനുവദിക്കുന്നത്. ജോലിയുടെ സ്വഭാവവും മറ്റും വിവരിക്കുന്ന തൊഴില്‍ കരാര്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറിയിരിക്കണം. 15 വയസ്സില്‍ താഴെയുള്ളവരെ ജോലിക്കു നിയോഗിക്കുന്നത് നിയമലംഘനമാണ്. അവധിക്കാലങ്ങളില്‍ പരിശീലനമോ ജോലിയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനം പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം.
ഇവരുടെ പ്രവൃത്തിയുടെ മൂല്യനിര്‍ണയവും സര്ട്ടിഫിക്കറ്റിലുണ്ടാകണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. മൃഗങ്ങളുടെ തൊലിയുരിക്കല്‍, മാംസം മുറിക്കല്‍, കൊഴുപ്പ് ഉരുക്കല്‍, റബര്‍ ഉല്പാദനം, വാതകം സിലിണ്ടറുകളില്‍ ഗ്യാസ് നിറക്കല്‍, തുറമുഖങ്ങളിലും വെയര്ഹൗസുകളിലുമുള്ള ചരക്ക് കയറ്റവും ഇറക്കലും, കരയിലും വെള്ളത്തിലൂടെയുള്ള യാത്രക്കാരെ കൊണ്ടുപോകല്‍, മൃഗങ്ങളുടെ അസ്ഥികളില്‍നിന്നുള്ള കരിക്കട്ട ഉല്പാദനം, വസ്ത്രങ്ങളുടെ ബ്ലീച്ചിങ്, ഡൈയിങ്, പ്രിന്റിങ് ജോലികള്‍, അമ്യൂസ്മെന്റ് പാര്‍ക്കിലും ബാറുകളിലും അതിഥികളെ സ്വീകരിക്കല്‍, ഭാരം ചുമക്കുകയോ നീക്കുകയോ ചെയ്യല്‍ തുടങ്ങിയ ജോലികളാണ് വിദ്യാര്‍ഥികള്‍ക്ക് വിലക്കിയിരിക്കുന്ന മറ്റ് മേഖലകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.