ഡ്രൈവറില്ലാ സോളാർ കാർ വികസിപ്പിച്ച് വിദ്യാർഥികൾ
text_fieldsദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളുടെ കേന്ദ്രമായി വികസിക്കുന്ന ദുബൈയിൽ നവീന കണ്ടുപിടിത്തവുമായി വിദ്യാർഥികൾ. സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ കാറാണ് ദുബൈ കനേഡിയൻ യൂനിവേഴ്സിറ്റി വിദ്യാർഥികൾ വികസിപ്പിച്ചിരിക്കുന്നത്. സർവകലാശാലയിലെ രണ്ട് കെട്ടിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കാവുന്ന കാറാണ് ഇവർ രൂപപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ ഓഫ് എൻജിനീയറിങ് വിഭാഗത്തിലെ 22 മുതിർന്ന വിദ്യാർഥികളാണ് ബിരുദ പഠനത്തിന്റെ ഭാഗമായി പൂർണമായും സൗരോർജത്തിലെ വാഹനം രൂപപ്പെടുത്തിയത്. വാഹനത്തിന്റെ നാവിഗേഷൻ സംവിധാനം, പവർ കപ്പാസിറ്റി, ബോഡി വർക്ക്, മറ്റു ഘടകങ്ങൾ എല്ലാം രൂപപ്പെടുത്തുന്നതിൽ എൻജിനീയറിങ് വിദ്യാർഥികൾ പങ്കാളികളായി.
നിലവിൽ കാർ സർവകലാശാലയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, വൈകാതെതന്നെ ഉപയോഗിച്ചുതുടങ്ങുമെന്ന് അധികൃതർ വെളിപ്പെടുത്തി. അഞ്ച് വ്യത്യസ്ത ടെക്നിക്കൽ ഗ്രൂപ്പുകളായാണ് പദ്ധതി വിജയിപ്പിക്കാനായി വിദ്യാർഥികൾ പ്രവർത്തിച്ചത്. വാഹന നിർമാണ പ്രക്രിയയിലെ സ്റ്റിയറിങ് മുതൽ ബ്രേക്കിങ് അടക്കം ബോഡി വർക്കുകളും മെറ്റീരിയൽ സെലക്ഷനും പൂർത്തിയാക്കിയത് ഇവരാണ്. അധ്യാപകരുടെ കൃത്യമായ മാർഗനിർദേശവും വിദ്യാർഥികളുടെ കൂട്ടായ പ്രവർത്തനവും മികച്ച എൻജിനീയറിങ് പ്രാഗത്ഭ്യവുമാണ് വിജയത്തിന് സഹായിച്ചതെന്ന് കണ്ടുപിടിത്തത്തിൽ പങ്കാളികളായ വിദ്യാർഥികൾ പറഞ്ഞു.
ഡൈവറില്ലാ വാഹനങ്ങൾ ഓടിക്കുന്നതിന് യു.എ.ഇയിൽ ചൈനീസ് കമ്പനി പ്രാഥമിക ലൈസൻസ് നേടിയിട്ടുണ്ട്. 2025ഓടെ നൂറുക്കണക്കിന് വാഹനങ്ങൾ നിരത്തിലിറക്കാനാണ് ‘വീ റൈഡ്’ എന്ന കമ്പനി ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് റോബോ ടാക്സി, റോബോ ബസുകൾ, റോബോ വാനുകൾ, റോബോ സ്വീപ്പറുകൾ എന്നിവ നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണിവർ. രാജ്യത്തിന്റെ ഭാവി ഗതാഗത നയത്തിന്റെ ചുവടുപിടിച്ചാണ് നവീന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.