ഹിമായ സ്കൂൾ സന്ദർശിച്ച് ഹിരോഷിമയിലെ വിദ്യാർഥികൾ
text_fieldsദുബൈ: ജപ്പാനിലെ ഹിരോഷിമയിൽ പ്രവർത്തിക്കുന്ന നാഗിസ സ്കൂളിലെ 14 അംഗ വിദ്യാർഥി സംഘം ദുബൈ പൊലീസിന് കീഴിലെ ഹിമായ സ്കൂൾ സന്ദർശിച്ചു. ദുബൈയിലെ വിദ്യാഭ്യാസ രീതികൾ അടുത്തറിയാനും പരസ്പരം ആശയങ്ങൾ കൈമാറ്റം ചെയ്യാനും ലക്ഷ്യംവെച്ചാണ് സന്ദർശനം ഏർപ്പെടുത്തിയത്.
ഒരു ദിവസം മുഴുവൻ വിദ്യാർഥികളോടൊപ്പം സ്കൂളിൽ ചെലവഴിച്ചാണ് സംഘം മടങ്ങിയത്. അസംബ്ലിയിലും സയൻസ് ക്ലാസുകളിലും കായിക, വിനോദ പ്രവർത്തനങ്ങളിലും ഇവർ യു.എ.ഇ കുട്ടികൾക്കൊപ്പം പങ്കെടുത്തു. വിദ്യാർഥികൾക്ക് പുതിയ അനുഭവം പകരുന്നതായിരുന്നു സന്ദർശനമെന്നും ദുബൈ പൊലീസിന്റെ സുസ്ഥിര വിദ്യാഭ്യാസ പദ്ധതികൾ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജാപ്പനീസ് പ്രതിനിധികൾ പറഞ്ഞു.
ദുബൈ പൊലീസ് അസി. കമാൻഡന്റ് മേജർ ജനറൽ ഡോ. ഗൈഥ് ഗാനിം അൽ സുവൈദിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരും ഹിമായ സ്കൂൾ അധ്യാപകരും മറ്റു ജീവനക്കാരും ചേർന്നാണ് അതിഥികളെ സ്വീകരിച്ചത്. പ്രാദേശികവും ആഗോള തലത്തിലുള്ളതുമായ സ്കൂളുകളിലെ മികച്ച വിദ്യാഭ്യാസ രീതികൾ പരിചയപ്പെടാൻ ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കുമെന്ന് അൽ സുവൈദി പറഞ്ഞു.
ഹിമായ സ്കൂളിന്റെ സവിശേഷതകളും പ്രവർത്തന രീതികളും നേട്ടങ്ങളും ജപ്പാൻ സംഘത്തിന് മുന്നിൽ അധികൃതർ വിശദീകരിച്ചു നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.