പാർക്കിങ് ഒഴിവ് കണ്ടെത്താൻ ആപ്പുമായി വിദ്യാർഥികൾ
text_fieldsദുബൈ: ഒഴിവുള്ള പാർക്കിങ് സ്ലോട്ടുകൾ കണ്ടെത്തുന്നത് എപ്പോഴും വാഹനമുപയോഗിക്കുന്നവർക്ക് തലവേദനയാണ്. പലരുടെയും സമയം വല്ലാതെ അപഹരിക്കാറുമുണ്ട് ഈ ചുറ്റൽ. എന്നാൽ, ഇതിനൊരു പരിഹാരം അവതരിപ്പിച്ചിരിക്കയാണ് ദുബൈയിലെ അമേരിക്കൻ യൂനിവേഴ്സിറ്റി വിദ്യാർഥികൾ. ഇവർ രൂപപ്പെടുത്തിയ 'പാർക്ക് ഐ' എന്ന മൊബൈൽ ആപ്പിലൂടെ പാർക്കിങ് ഒഴിവുകൾ കണ്ടെത്താൻ എളുപ്പത്തിൽ സാധിക്കും. ഇത്തവണത്തെ മികച്ച സ്മാർട്ട് ആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സോഫ്റ്റ്വെയർ എ.ജീസ് 'ഫ്യൂച്ചർ ഡിസ്റപ്റ്റേഴ്സ് അവാർഡ്' കരസ്ഥമാക്കിയത് ഈ ആപ്പാണ്.
വിവിധ ജീവിതപ്രശ്നങ്ങൾക്ക് മികച്ച ഇൻറർനെറ്റ് പരിഹാരം നിർദേശിക്കുന്ന മത്സരമാണിത്. ആർടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്പായ 'പാർക്ക് ഐ'യിലൂടെ പാർക്ക് ചെയ്ത സ്ലോട്ടുകൾ തിരിച്ചറിഞ്ഞ് ഒഴിഞ്ഞ പാർക്കിങ് സ്ലോട്ടുകളിലേക്ക് പോകാൻ ഡ്രൈവർക്ക് സാധിക്കും.
വ്യത്യസ്ത റെസിഡൻഷ്യൽ ബ്ലോക്കുകളിലെ പാർക്കിങ്, പൊതു ഇടങ്ങളിലെ ഔട്ട്ഡോർ പാർക്കിങ്, നഗരത്തിലെ മുഴുവൻ പാർക്കിങ് സംവിധാനം എന്നിങ്ങനെ വിവിധ തലങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടു. സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ് ഡീൻ ഡോ. വാഇലിെൻറ മേൽനോട്ടത്തിൽ ഹന അലി, ദാവീദ് ഇബ്രാഹീം, യൂസുഫ് യൂസുഫ്, മഅബ് അൽ ശൈഖ് എന്നിവരാണ് ആപ് രൂപപ്പെടുത്തിയത്. മത്സരത്തിൽ ദുബൈയിലെ ആർ.ഐ.ടി സർവകലാശാലയിലെ വിദ്യാർഥികളുടെ 'സ്മാർട്ട് സോഷ്യൽ ഡിസ്റ്റൻസിങ്' ഡിറ്റക്ടറും മറ്റു നൂതന പദ്ധതികളും അവതരിപ്പിച്ചു. വോട്ടെടുപ്പിലാണ് ഏറ്റവും മികച്ച ആപ് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.