മൂന്ന് സെന്ററുകളിൽ ‘നീറ്റെ’ഴുതി വിദ്യാർഥികൾ
text_fieldsദുബൈ: യു.എ.ഇയിലെ മൂന്നു സെന്ററുകളിലായി ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയെഴുതി വിദ്യാർഥികൾ.
രണ്ടായിരത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 98 ശതമാനം വിദ്യാർഥികളും പരീക്ഷക്ക് ഹാജരായതായി സ്കൂൾ വൃത്തങ്ങൾ അറിയിച്ചു. ദുബൈ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യൻ സ്കൂൾ (ഗേൾസ്), അബൂദബി മുറൂർ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷ നടന്നത്.
അബൂദബിയിലെ കേന്ദ്രത്തില്‍ 579 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. അതേസമയം, ഷാർജ ഇന്ത്യൻ സ്കൂളിൽ 753 വിദ്യാർഥികൾ പരീക്ഷക്കിരുന്നു. യു.എ.ഇ സമയം ഉച്ചക്ക് 12.30നാണ് പരീക്ഷ തുടങ്ങിയത്.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗുജറാത്തി അടക്കം 13 ഭാഷകളില്‍ പരീക്ഷ എഴുതാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന റിപ്പോര്‍ട്ടിങ് സമയം.
നേരത്തെ തന്നെ സ്കൂളുകളിൽ എത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എല്ലാ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിരുന്നു. ആദ്യമായി ‘നീറ്റ്’ പരീക്ഷ നടത്തിപ്പിന് തിരഞ്ഞെടുക്കപ്പെട്ട ഷാർജ ഇന്ത്യൻ സ്കൂൾ അധികൃതർ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദം പങ്കുവെച്ചു.
പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കളും കേന്ദ്രങ്ങളിൽ എത്തിയിരുന്നു. പരീക്ഷ സംബന്ധിച്ചു സമ്മിശ്ര പ്രതികരണമാണ് വിദ്യാർഥികൾ പങ്കുവെച്ചത്.
ചില വിദ്യാർഥികൾ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് ചോദ്യങ്ങൾ വന്നതെന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ കരുതിയതിനേക്കാൾ കടുപ്പമായിരുന്നുവെന്ന് പ്രതികരിച്ചു.
നീറ്റ് പരീക്ഷ സെന്ററുകൾ ആദ്യം പ്രഖ്യാപിച്ചപ്പോൾ വിദേശ സെന്ററുകൾ ഒഴിവാക്കിയത് ആശങ്കക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് സാമൂഹിക സംഘടനകളും മാധ്യമങ്ങളും ശക്തമായ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് സെന്ററുകൾ പുനഃസ്ഥാപിച്ചത്. ഇത്തവണയും ജി.സി.സിയിൽ ഏറ്റവും കൂടുതൽ സെന്ററുകൾ യു.എ.ഇയിലായിരുന്നു. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. ഖത്തർ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാൻ (മസ്കത്ത്), സൗദി അറേബ്യ (റിയാദ്), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. ഗൾഫ് മേഖലയിൽ സെന്ററുകൾ അനുവദിക്കുന്നത് ആയിരക്കണക്കിന് വിദ്യാർഥികൾക്കാണ് ആശ്വാസമാകുന്നത്.
അബൂദബി മുറൂർ ഇന്ത്യൻ സ്കൂളിൽ നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.