വിദേശപഠനം; ട്രാവൽ ഹബ്ബായി ദുബൈ
text_fieldsദുബൈ: ഉന്നതപഠനത്തിന് വിദേശ സർവകലാശാലകളിലേക്ക് പോകുന്നവരുടെ ട്രാവൽ ഹബ്ബായി ദുബൈ മാറുന്നു. ആസ്ട്രേലിയ, ബ്രിട്ടൻ, യു.എസ്, കാനഡ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളാണ് കൂടുതൽപേരും ഉന്നതപഠനത്തിനായി തിരഞ്ഞെടുക്കുന്നത്. ദുബൈയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരായ കുടുംബങ്ങളിലെ കുട്ടികളാണ് വിദേശരാജ്യങ്ങൾ ഉന്നതപഠനത്തിനായി തിരഞ്ഞെടുക്കുന്നവരിൽ ഭൂരിഭാഗവും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ പ്രവണത കൂടിയതായി ദുബൈയിലെ പ്രമുഖ ട്രാവൽ ഏജൻസികൾ പറയുന്നു. ഇവർ സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്.
മികച്ച അടിസ്ഥാന സൗകര്യങ്ങളും സ്കോളർഷിപ് ലഭിക്കുന്നതുമാണ് വിദ്യാർഥികളെ വിദേശ യൂനിവേഴ്സിറ്റികളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ദുബൈയിൽ ഹയർ സെക്കൻഡറി പഠനം പൂർത്തീകരിക്കുന്നവർക്ക് വിദേശ യൂനിവേഴ്സിറ്റികളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് വിലയിരുത്തൽ. വിദേശ സർവകലാശാലകളിൽനിന്ന് ഉന്നതപഠനം പൂർത്തീകരിക്കുന്നവർക്ക് ജോലിസാധ്യത കൂടുതലാണെന്നതും വിദ്യാർഥികളെ ആകർഷിക്കുന്നു. സ്കോളർഷിപ് ലഭിക്കാത്ത കുട്ടികൾക്ക് പഠനച്ചെലവിനായി വായ്പ നൽകാൻ കൂടുതൽ ബാങ്കുകളും മുന്നോട്ടുവരുന്നുണ്ട്. പഠനം പൂർത്തീകരിച്ച് രണ്ട് വർഷത്തിന് ശേഷം തിരിച്ചടവ് തുടങ്ങുന്ന സ്കീമുകൾ വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമാണ്.
വിദേശങ്ങളിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി കണ്ടെത്താൻ എളുപ്പത്തിൽ കഴിയുന്നതിനാൽ ബാങ്ക് വായ്പ തിരിച്ചടവിനും പ്രയാസമില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. പലരാജ്യങ്ങളും അഞ്ചു വർഷത്തിന് ശേഷം പൗരത്വം വാഗ്ദാനം ചെയ്യുന്നതും വിദ്യാർഥികളെ ആകർഷിക്കുന്നു. മികച്ച കമ്പനികളിൽ ജോലിനേടുന്നതോടെ കുടുംബ സമേതം വിദേശങ്ങളിൽ സ്ഥിരതാമസമെന്ന ലക്ഷ്യമാണ് കൂടുതൽപേർക്കുമുള്ളത്.
ഉന്നത പഠനാവശ്യത്തിനായി എത്തുന്ന വിദ്യാർഥികളെ ലോകരാജ്യങ്ങൾ സ്വാഗതം ചെയ്യുകയാണ്. ഇന്ത്യയിൽ എം.ബി.ബി.എസ് സീറ്റുകൾ ലഭിക്കാത്ത കുട്ടികൾ ചൈന, യുക്രെയ്ൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. സ്വന്തം അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ ഇന്ത്യയിലെ പല സ്ഥാപനങ്ങളിലും ലഭ്യമല്ലാത്തതും കുട്ടികളെ അകറ്റുന്നുണ്ട്. അടുത്തിടെ നിർമിതബുദ്ധിപോലുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.