മനോരോഗ ചികിത്സക്ക് കൂടുതൽ സൗകര്യം വേണ്ടിവരുമെന്ന് പഠനം
text_fieldsദുബൈ: 2030ഓടെ യു.എ.ഇയിൽ ജനസംഖ്യ 1.1 കോടി പിന്നിടുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ മനോരോഗ ചികിത്സക്ക് രാജ്യത്ത് കൂടുതൽ സൗകര്യം വേണ്ടിവരുമെന്ന് പഠനം. മനോരോഗ മേഖലയിലെ സേവനങ്ങൾക്ക് ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ 1,759 മനോരോഗ വിദഗ്ധർക്ക് ജോലി സാധ്യതയുണ്ടെന്നും ആകെ 3,381 കിടക്കകൾ ചികിത്സക്ക് കൂടുതലായി ആവശ്യമുണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ മാനസികാരോഗ്യ സാഹചര്യം സംബന്ധിച്ച് പുറത്തുവിട്ട നൈറ്റ് ഫ്രാങ്ക്സ് മെന്റൽ ഹെൽത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാമൂഹിക സാഹചര്യങ്ങളുടെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ 20നും 39നുമിടയിൽ പ്രായമുള്ള വ്യക്തികൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം മാനസിക ചികിത്സ ആവശ്യമുള്ള 60 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.
യു.എ.ഇയും സൗദി അറേബ്യയുമാണ് പഠനത്തിൽ പശ്ചിമേഷ്യയിൽനിന്ന് ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ. യു.എ.ഇയിൽ ലക്ഷം പേർക്ക് 0.3 മനോരോഗ വിദഗ്ധരാണുള്ളത്. രാജ്യത്ത് പൂർണമായും മനോരോഗ ചികിത്സക്ക് മാത്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണുള്ളതെന്നും സൗദി അറേബ്യയിൽ മനോരോഗ ക്ലിനിക്കുകളും മറ്റു സൗകര്യങ്ങളും പരിമിതമാണെന്നും റിപ്പോർട്ട് പറയുന്നു. വരും വർഷങ്ങളിൽ മനോരോഗ രംഗത്തെ വിദഗ്ധ ചികിത്സക്ക് കൂടുതൽ സൗകര്യങ്ങൾ രൂപപ്പെടുത്തേണ്ടിവരുമെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.