പൊടിക്കാറ്റുകൾക്ക് പിന്നിൽ കാലാവസ്ഥാവ്യതിയാനമെന്ന് പഠനം
text_fieldsദുബൈ: യു.എ.ഇ അടക്കം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പൊടിക്കാറ്റ് വർധിക്കാൻ കാരണം കാലാവസ്ഥാവ്യതിയാനമാണെന്ന് പഠനം. അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ട വിദഗ്ധരും അബൂദബി ഖലീഫ സർവകലാശാലയിലെ ഗവേഷകരും ചേർന്നാണ് ഇതുസംബന്ധിച്ച പഠനം പൂർത്തീകരിച്ചത്. സാറ്റ് ലൈറ്റ് വിവരങ്ങളും മറ്റ് കാലാവസ്ഥാ ഡേറ്റകളും വിശകലനം ചെയ്ത് പൊടിക്കാറ്റുകൾ ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണങ്ങളാണ് സംഘം കണ്ടെത്തിയിരിക്കുന്നത്.
ആഫ്രിക്കൻ അന്തരീക്ഷത്തിലെ 'നീരാവിനദി'കളുമായി പൊടിക്കാറ്റുകൾ ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്ന് ഗവേഷകസംഘം പറയുന്നു. താരതമ്യേന കുറഞ്ഞസമയത്തിനുള്ളിൽ വലിയ അളവിലുള്ള ജലബാഷ്പം ദീർഘദൂരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള നീരാവിനദികളുടെ കഴിവ് വായുപ്രവാഹം വർധിപ്പിക്കുകയും പശ്ചിമേഷ്യൻ ആകാശത്ത് മേഘങ്ങൾ വർധിക്കാനും തുടർന്ന് പൊടിക്കാറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാവ്യതിയാനം കാരണമായാണ് ആഫ്രിക്കൻ അന്തരീക്ഷ 'നദി'കൾ കൂടുതൽ ഇടക്കിടെയുണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വരൾച്ചയും പൊടിക്കാറ്റ് സൃഷ്ടിക്കുന്ന ഘടകമാണെന്നും പഠനം പറയുന്നു. ഗവേഷകർ 'അറ്റ്മോസ്ഫെറിക് എൻവയൺമെന്റ്' എന്ന ജേണലിലാണ് സുപ്രധാന വിവരങ്ങളടങ്ങിയ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൊടിക്കാറ്റ് പ്രവണത വർധിച്ചത് ചൂട് കൂടുതൽ വർധിക്കാനും മനുഷ്യ ആരോഗ്യത്തിൽ അപകടകരമായ പ്രവണതകൾ സൃഷ്ടിക്കാനും കാരണമായേക്കുമെന്നും പഠനം പറയുന്നുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ യു.എ.ഇ ദേശീയ കാലാവസ്ഥാകേന്ദ്രം വിവിധ സമയങ്ങളിലെ അസാധാരണവും അപകടകരവുമായ കാലാവസ്ഥ പ്രവചിച്ചിരുന്നു. ലോകമെമ്പാടും നഗരങ്ങളിലെ മലിനീകരണത്തോത് സംബന്ധിച്ച അപ്ഡേറ്റുകൾ നൽകുന്ന 'പ്ലൂം ആപ്' അനുസരിച്ച് ദുബൈയിലെയും അബൂദബിയിലെയും വായുവിന്റെ ഗുണനിലവാരം വളരെ മോശമാകുന്നുണ്ട്. പുതിയ പഠനത്തിലൂടെ പൊടിക്കാറ്റ് നേരത്തെ പ്രവചിക്കാനുള്ള സാധ്യതകൾ വർധിക്കുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ അപകടങ്ങൾ മറികടക്കാൻ നിരവധി പദ്ധതികളാണ് യു.എ.ഇ രൂപപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.